സ്വന്തം ലേഖകൻ
കൊടകര: നിരന്തരമായ പരിശീലനത്തിനൊടുവിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കൊടകര മരത്തോന്പിള്ളിയിലെ ഒരമ്മയും രണ്ടു പെണ്മക്കളും. മരത്തോന്പിള്ളി ആന്തപ്പിള്ളി വീട്ടിൽ സുമി എന്ന 34 കാരിയും മക്കളായ കൃഷ്ണേന്ദുവും കൃഷ്ണപ്രിയയുമാണ് ഒരുമിച്ച് കരാട്ടെ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയത്.
ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള കരുത്താർജിക്കാനാണ് സുമി നാലുവർഷം മുന്പ് മക്കളെ കരാട്ടെ പരിശീലനത്തിനയച്ചത്. മക്കളോടൊപ്പം കരാട്ടെ സ്കൂളിലെത്തിയ സുമിയോട് കരാട്ടെ പഠിക്കുന്നോ എന്ന് പരിശീലക ഷിമ ചോദിച്ചു.എങ്കിൽ ഒരു കൈ നോക്കുക തന്നെ എന്നായി സുമി.
ഭരതനാട്യവും സംഗീതവും അഭ്യസിച്ചിട്ടുള്ള സുമിക്കു കരാട്ടെ വഴങ്ങുമോ എന്നു സംശയമുണ്ടായിരുന്നു.
എന്നാൽ, ഭർത്താവ് അജിത്ത് കൂടി പ്രോത്സാഹിപ്പിച്ചതോടെ ആ വെല്ലുവിളി ഏറ്റെടുത്തു. സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ടന്റ് ജോലിക്കൊപ്പം കരാട്ടെ പരിശീലനവും മുടക്കമില്ലാതെ നടത്തി.നാലുവർഷത്തെ പരിശീലനത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഇവർ ബ്ലാക്ക് ബെൽറ്റിന് അർഹത നേടിയത്. ഒപ്പം എട്ടാംക്ലാസുകാരിയായ കൃഷ്ണേന്ദുവും ആറാം ക്ലാസുകാരിയായ കൃഷ്ണപ്രിയയും ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി അമ്മയുടെ നേട്ടത്തിനു തിളക്കം കൂട്ടി.
ആത്മവിശ്വാസം വർധിപ്പിക്കാനും ചിട്ടയായ ജീവിതക്രമം രൂപപ്പെടുത്താനും കരാട്ടെ സഹായിച്ചതായി സുമി പറയുന്നു.ഭരതനാട്യം അഭ്യസിച്ചിട്ടുള്ള സുമി നിരവധി വേദികളിൽ സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
ചെന്പൈ സംഗീതോത്സവത്തിൽ ഗാനാർച്ചന നടത്തിയിട്ടുള്ള ഗായിക കൂടിയാണിവർ. ഒന്നരവർഷമായി യോഗയും ഹിപ്നോട്ടിസവും അഭ്യസിച്ചുവരുന്നുണ്ട്. ഡ്രൈവിംഗിൽ ഹെവി ലൈസൻസും കരസ്ഥമാക്കി.
ഹെവി ലൈസൻസിനായി നടത്തിയ പരീക്ഷയിൽ 40 പേരിൽ വിജയിച്ചതു സുമി മാത്രമായിരുന്നെന്നറിയുന്പോഴാണ് വിജയത്തിന്റെ തിളക്കമേറുന്നത്. ഡ്രൈവറായ ഭർത്താവ് അജിത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ഭാരവാഹനങ്ങൾ ഓടിക്കാനുള്ള യോഗ്യത നേടാൻ സഹായിച്ചതെന്നും സുമി പറഞ്ഞു. വയലിൻ, ഗിത്താർ, ഡ്രംസ് എന്നീ സംഗീതോപകരണങ്ങളിലും മക്കളോടൊപ്പം ഇവർ പരിശീലനം നേടുന്നു.