ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതികൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പോരായ്മകൾ എടുത്തുകാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരേ ബ്ലാക്ക്ബോർഡിന്‍റെ ഇരുവശങ്ങളിൽ ഹിന്ദുവും ഉർദുവും എഴുതി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്.
രണ്ട് അധ്യാപകർ ഒരേ ക്ലാസിൽ കുട്ടികളെ ഇരുത്തി വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കുന്പോൾ, മറ്റൊരു അധ്യാപിക കുട്ടികളെ നിയന്ത്രിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ബിഹാറിലെ കത്തിഹാർ ജില്ലയിലുള്ള ആദർശ് മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണിത്.
ഒന്നു മുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആകെയുള്ളത് മൂന്ന് അധ്യാപകരാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.