തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ ഇക്കാര്യത്തിൽ അനാവശ്യ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ഫംഗസിന്റെ കാര്യത്തിൽ മെഡിക്കൽ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പാക്കും. പാർശ്വഫലം ഇല്ലാത്ത മരുന്ന് വില കൂടിയതാണെങ്കിലും നൽകാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്ലാക്ക് ഫംഗസ് എന്ന രോഗവുമായി ബന്ധപ്പെട്ട് അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.
അവയ്ക്ക് അടിസ്ഥാനമില്ല. ഈ രോഗം അപൂർവമായ രോഗാവസ്ഥയാണ്. വളരെ ചുരുക്കം ആളുകളിൽ മാത്രമാണ് രോഗം ബാധിക്കുന്നത്.
കാറ്റഗറി സി വിഭാഗത്തിലെ രോഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കും.
ഗുരുതര പ്രമേഹ രോഗികളിലാണ് രോഗം കൂടുതൽ. അവർക്കുള്ള ചികിത്സാ മാനദണ്ഡം ആശുപത്രികൾക്ക് നൽകി. പ്രമേഹം നിയന്ത്രണ വിധേയമാക്കാനുള്ള പ്രത്യേക ശ്രദ്ധ രോഗികളിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി ഊരുകളിൽ രോഗം പടരുന്നു. അവിടെ പരിശോധന നടത്തി രോഗികളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകി.
വാക്സീനേറ്റ് ചെയ്യേണ്ടവർക്ക് മുൻഗണനാ ക്രമത്തിൽ വാക്സീൻ നൽകും. വൃദ്ധസദനങ്ങൾ ചിലതിൽ വിവിധ രോഗങ്ങളുള്ളവർ കാണും.
അത് കൃത്യമായി പരിശോധിക്കും. അപൂർവം ചിലയിടത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ വയോജന കേന്ദ്രങ്ങളും സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥർ പരിശോധിക്കും.
വേണ്ട നടപടികൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അതിന് ക്രമീകരണം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.