സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നതിനിടെ കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി.
തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷ നിർണയം നടത്തിയപ്പോൾ നാടാർ സമുദായത്തെ പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി കെട്ടിയത്. ഇക്കാര്യം ചൂണ്ടക്കാട്ടി ഫ്ളക്സും സ്ഥാപിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് ഫ്ളക്സിൽ എഴുതിയിട്ടുള്ളത്. നാടാർ സമുദായത്തിനു ഡിസിസി അധ്യക്ഷ സ്ഥാനം നൽകാത്തതിൽ പ്രതിഷേധമെന്നും കോണ്‍ഗ്രസിനു വലിയ വില നൽകേണ്ട വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിൽ ഉയർന്ന പരാതികൾ കെപിസിസി ഭാരവാഹികളെ നിർണയിക്കുന്പോൾ പരിഹരിക്കുമെന്നു മുതിർന്ന നേതാക്കൾ വിശദീകരിക്കുന്പോളാണ് കെപിസിസി ആസ്ഥാനത്തു തന്നെ കരിങ്കൊടി പ്രതിഷേധം ഉയർന്നിരിക്കുന്നത്.
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പത്തനംതിട്ടയിലും മലപ്പുറത്തും കരിങ്കൊടിയും ഫ്ളക്സും ഉയർത്തിയിരുന്നു.