സിഡ്നി: ഓസ്ട്രേലിയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് പത്രങ്ങളുടെ ഒന്നാം പേജ് കറുപ്പാക്കി ഓസ്ട്രേലിയൻ മാധ്യമങ്ങൾ. ദേശീയ- പ്രാദേശിക പത്രങ്ങളായ ദി ഓസ്ട്രേലിയൻ, ദി സിഡ്നി മോർണിംഗ് ഹെറാൾഡ്, ഓസ്ട്രേലിയൻ ഫിനാൻഷൽ റിവ്യു, ഡെയ്ലി ടെലിഗ്രാഫ് ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങൾ കറുപ്പാക്കി തിങ്കളാഴ്ച പത്രം പ്രിന്റ് ചെയ്തത്. മാധ്യമഭീമൻ റുപ്പർട്ട് മർഡോക്കിന്റെ ടാബ്ളോയിഡുകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
ടെലിവിഷൻ നെറ്റ്വർക്കായ എബിസിയുടെ സിഡ്നി ആസ്ഥാനത്തും, ന്യൂസ് കോർപ്പ് എഡിറ്റർ അനിക സ്മെതർസ്റ്റിന്റെ വീട്ടിലും ഓസ്ട്രേലിയൻ ജൂണിൽ ഫെഡറൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. വിദേശരാജ്യങ്ങളിൽ ഓസ്ട്രേലിയൻ സൈന്യം നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. 9000 കന്പ്യൂട്ടർ ഫയലുകളാണ് റെയ്ഡിൽ പരിശോധിച്ചത്. ന്യൂസ് കോർപ് എഡിറ്ററുടെ അടിവസ്ത്ര ഡ്രോയർ വരെ പരിശോധിച്ചു.
മൂന്നു മാധ്യമപ്രവർത്തകരാണു റെയ്ഡിനു ശേഷം ക്രിമിനൽ കേസിൽ ഉൾപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിനിടെ ഓസ്ട്രേലിയൻ സ്പെഷൽ ഫോഴ്സ് അനധികൃതമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന് എബിസിയിലെ രണ്ടു മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് അവരെ കേസിൽ ഉൾപ്പെടുത്തിയത്. ഇതിനുശേഷമാണു പ്രതിഷേധം ശക്തമായത്. ഓസ്ട്രേലിയൻ മാധ്യമചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മുൻപേജുകളെ കറുപ്പിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം.
സർക്കാരിന്റെ രഹസ്യ നിയമങ്ങൾ വിസിൽ ബ്ലോവർമാർക്കു ഭീഷണിയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നേരത്തെ, ഓസ്ട്രേലിയൻ സീക്രട്ട് ഇന്റലിജൻസ് സർവീസ് ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആൾക്കും അദ്ദേഹത്തിന്റെ അഭിഭാഷകനും തടവുശിക്ഷ വിധിച്ചിരുന്നു. ഓസ്ട്രേലിയൻ ടാക്സ് ഓഫീസ് അധികാര ദുർവിനിയോഗം നടത്തിയെന്നു വെളിപ്പെടുത്തിയ വിസിൽ ബ്ലോവർ റിച്ചാർഡ് ബോയലിനു 161 വർഷത്തെ തടവു ശിക്ഷയാണു വിധിച്ചത്.