കൊച്ചി: സ്വകാര്യ കമ്പനി മാനേജര്‍ക്കു ലഹരിമരുന്ന് നല്കി ബോധം കെടുത്തിയശേഷം സ്ത്രീയോടൊപ്പം നഗ്നചിത്രം പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടകളായ നാലുപേരെ സിറ്റി ടാസ്ക്ഫോഴ്സ് പിടികൂടി. മട്ടാഞ്ചേരി കരുവേലിപ്പടി സ്വദേശി ഷിബിലി (37), തോപ്പുംപടി രാമേശ്വരം അമ്പലത്തിനടുത്ത് ഡാനി (31), ഉദയംപേരൂര്‍ കൊച്ചുപള്ളിയില്‍ ശരത് (22), തൃശൂര്‍ ചെറുതുരുത്തി തലശേരി മുസ്തഫ (27) എന്നിവരെയാണു ഡപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ആര്.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഒരു ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ മാനേജരായി ജോലി നോക്കിവരുന്ന കണ്ണൂര്‍ സ്വദേശിയായ അജിത് എന്നയാളെയാണു പ്രതികള്‍ ബ്ലാക്മെയില്‍ ചെയ്തത്. അജിത്തിനു മൊബൈല്‍ സിം കാര്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഉണെ്ടന്നു മനസിലാക്കിയ ഷിബിലി തനിക്കു ഫിലിം ഫീല്‍ഡില്‍ നല്‍കാനായി 25 സിം കാര്‍ഡുകള്‍ വേണമെന്നാവശ്യപ്പെട്ടു വൈറ്റിലയിലുള്ള തന്റെ ഫ്ളാറ്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
ഫ്ളാറ്റിലെത്തിയ അജിത്തിനു കുടിക്കാനായി ശീതളപാനീയം നല്കി. ഇതു കഴിച്ചയുടന്‍ ബോധം നഷ്ടപ്പെട്ട അജിത്ത് അടുത്തദിവസം പുലര്‍ച്ചെ അഞ്ചിനാണ് എഴുന്നേറ്റത്. പന്തികേട് മനസിലാക്കിയ അജിത്ത് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. ഈസമയം ഷിബിലിയും ഡാനിയും ശരത്തും മറ്റു രണ്ടു സ്ത്രീകളും അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
അടുത്തദിവസം അജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ ഷിബിലി ഫോണില്‍ വിളിച്ചു പുറത്തേക്കു വരുത്തിയശേഷം മറ്റൊരു സ്ത്രീയുമായി മുറിയില്‍ കിടക്കുന്ന ഫോട്ടോ കാണിച്ചു. ഫോട്ടോ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നും അജിത്തിന്റെ ഭാര്യക്ക് അയച്ചു കൊടുക്കുമെന്നും പറഞ്ഞു
ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പെട്ടെന്ന് അത്രയും തുക നല്‍കാനാവില്ലെന്നു പറഞ്ഞപ്പോള്‍ അജിത്തിനെ ബലം പ്രയോഗിച്ചു ഷിബിലിയുടെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയും രണ്ടു മണിക്കൂറോളം കാറില്‍വച്ചു മര്‍ദിക്കുകയും ചെയ്തു.
ഇതിനിടെ നിര്‍ബന്ധിപ്പിച്ച് അജിത്തിനെക്കൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിപ്പിച്ചു. ഇവരോട് ഒരാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ തയാറാക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ഈ പണം പ്രതികള്‍ക്കു നല്‍കാമെന്നു സമ്മതിപ്പിക്കുകയുംചെയ്തു. തുടര്‍ന്നാണ് അജിത്തിനെ കാറില്നിന്നിറക്കിവിട്ടത്.
പിന്നീടു രണ്ടാഴ്ചയോളം ഷിബിലിയും കൂട്ടുകാരും അജിത്തിനെ ഭീഷണിപ്പെടുത്തിക്കൊണേ്ടയിരുന്നു. സമയത്തിനുള്ളില്‍ പണം നല്കാനാവാതെ വന്നപ്പോള്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച അജിത്ത് വിവരങ്ങള്‍ ഭാര്യയോടു പറഞ്ഞു. ഭാര്യ അയല്‍വാസികളായ സ്ത്രീകളെ ഇക്കാര്യങ്ങള്‍ അറിയിച്ചു. ഇവര്‍ മുഖാന്തിരം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹിയായ തോമസിനെ അറിയിക്കുകയും ഇദ്ദേഹം സിറ്റി ടാസ്ക് ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനു പണം നല്‍കാമെന്നു ഷിബിലിയെ അറിയിക്കാന്‍ പോലീസ് അജിത്തിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം പണം വാങ്ങാനായി അജിത്തിന്റെ വീട്ടിലെത്താമെന്നു ഷിബിലി സമ്മതിച്ചു. അന്നേദിവസം സിറ്റി ടാസ്ക് ഫോഴ്സ് സംഘം അജിത്തിന്റെ വീട്ടിലെത്തി മറഞ്ഞിരുന്നു. പണം വാങ്ങാനെത്തിയതു പ്രതികളിലൊരാളായ ശരത്ത് ആയിരുന്നു. വീടിനു സമീപമെത്തിയ ശരത്ത് വീടിനുള്ളില്‍ ലൈറ്റില്ലെന്നു ഷിബിലിയെ അറിയിച്ചപ്പോള്‍ മടങ്ങിപ്പോരാന്‍ നിര്‍ദേശം നല്കി.
ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നു സിറ്റി ടാസ്ക് ഫോഴ്സ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്നു ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു പ്രതികള്‍ മുങ്ങുകയായിരുന്നു. പിന്നീട് ഈമാസം ആദ്യം മുസ്തഫയെ അജിത്തിനടുത്തേക്കു ഷിബിലി അയച്ചു. പണം നല്കാന് ഒരാഴ്ച കൂടി സമയം അനുവദിക്കാമെന്നും ആ സമയത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞു.
നിശ്ചിതസമയത്തിനുള്ളില്തന്നെ പണം നല്‍കാമെന്ന് അജിത് സമ്മതിച്ചു. ഗാരണ്ടിയായി അജിത്തിന്റെ മാരുതി ഡിസയര്‍ കാറിന്റെ ആര്‍സിബുക്കും മുസ്തഫ വാങ്ങിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പണം നല്‍കാമെന്നു പറഞ്ഞ് എംജി റോഡിലുള്ള എസ്ബിഐയുടെ മുന്‍വശത്തേക്കു ഷിബിലിയെ അജിത്ത് വിളിച്ചുവരുത്തി. പണം വാങ്ങാനെത്തിയ ഷിബിലിയെ ഉപഭോക്താക്കളുടെ വേഷത്തില്‍ ബാങ്കിനുള്ളിലിരുന്ന പോലീസുകാര്‍ പിടികൂടുകയായിരുന്നു.
ഷിബിലിയോടൊപ്പം ഡാനിയും പിടിയിലായി. പിന്നീടു പണം കിട്ടിയെന്നും കൊടൈക്കനാലിലേക്കു ടൂര്‍ പോകാമെന്നും പറഞ്ഞു ശരത്തിനെയും മുസ്തഫയെയും വൈറ്റില ഹബിലേക്കു ഷിബിലിയെകൊണ്ടു ഫോണില്‍ വളിച്ചുവരുത്തിച്ചു. വെള്ളിയാഴ്ച രാത്രി 10 ഓടെ എത്തിയ ഇവരെയും സിറ്റി ടാസ്ക് ഫോഴ്സ് വലയിലാക്കി. തട്ടിക്കൊണ്ടുപോയതിനും തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനും തൃപ്പൂണിത്തുറ പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.