തലശേരി: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽ നിന്നും പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.
ദൃശ്യങ്ങൾ പകർത്തി നിരവധിപേരെയാണ് സംഘം ബ്ലാക്ക് മെയിൽ ചെയ്തത്. വിദ്യാർഥിനികളും യുവ അധ്യാപകരെയും സംഘം ബ്ലാക്ക്മെയിലിംഗിന് വിധേയമാക്കിയതാണ് പോലീസിന് ലഭിച്ച വിവരം.
പണമാണ് കൂടുതലും ആവശ്യപ്പെട്ടിരിക്കുന്നത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.
ചൊക്ലി സ്വദേശി വിജേഷ്, വടക്കുമ്പാടിലെ ബസ് കണ്ടക്ടർ അനീഷ് എന്നിവരെയാണ് തലശേരി ടൗണ്‍ സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ എം.വി ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
119 (എ), 356 (സി), 66 (ഇ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ജാമ്യം നല്കി വിട്ടയച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും പ്രതികൾ ഒളിഞ്ഞു നില്‍ക്കുകയും ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തുകയാണ് ഇവരുടെ രീതി.
ഇതു പിന്നീട് ചില അശ്ലീല സൈറ്റുകളില്‍ പ്രചരിച്ചതോടെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.തലശേരിയിൽ പാർക്കുകളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസിനെ മഫ്തിയിൽ വിന്യസിക്കും.
കൂടാതെ, പാർക്കിനുള്ളിലെ സുരക്ഷാ ജീവനകാർക്ക് യൂണിഫോം നിർബന്ധമാണെന്നും പോലീസ് നിർദേശം നല്കി.