സത്ന: വനിത സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രാ ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക്മെയിലിംഗിന് ശ്രമിച്ച 40 കാരനെ വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിൽ സഭാപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ മച്ച്ഖേദ ഗ്രാമത്തിലാണ് സംഭവം. വനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്തതിന് പിന്നാലെ എട്ട് സുഹൃത്തുക്കൾ ചേർന്ന് അരുൺ ത്രിപാഠി എന്നയാളെ വെടിവച്ചുകൊല്ലുകയായിരുന്നു.
മച്ച്ഖേദ സ്വദേശിയായ അരുൺ ത്രിപാഠിയുടെ മൃതദേഹം ഒക്ടോബർ മൂന്നിനാണ് റോഡരികിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം കണ്ടത്. കൂർത്ത അഗ്രമുള്ള ആയുധം കൊണ്ടുള്ള മുറിവെന്ന ധാരണയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മുറിവുകൾ വെടിയേറ്റതെന്നാണ് വ്യക്തയത്.
കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കുകളിലെത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവികളിൽനിന്നു ലഭിച്ചു. ഇതേത്തുടർന്ന് എട്ടു പേർ അറസ്റ്റിലാവുകയായിരുന്നു. ഇവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഈ മാസം രണ്ടിന് യുവാക്കളിൽ രണ്ട് പേർ ഇവരുടെ വനിതാ സുഹൃത്തുക്കളുമായി മച്ച്ഖേദയിലെ കുന്നുകളിൽ പിക്നിക്കിന് പോയിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ അരുൺ ത്രിപാഠി ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പതിനായിരം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. ഇതാണു കൊലയിലേക്കു നയിച്ചതെന്നു പറയുന്നു.