ചെറുപുഴ: ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കി ബ്ലാക്ക്മാന്റെ ശല്യം തുടരുന്നു. തേർത്തല്ലി കോടോപ്പള്ളിയിലാണ് രാത്രിസഞ്ചാരിയായ നഗ്നനായ മുഖംമൂടിയെ ആദ്യം കണ്ടത്.’
പ്രാപ്പോയിൽ ഭാഗത്ത് തുടർച്ചയായ മൂന്നാം ദിവസവും ബ്ലാക്ക്മാനെത്തി. രാത്രിയിൽ വാതിലിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കിയശേഷം കടന്നുകളയുന്നതാണ് രീതി. ആളുകൾ പുറത്തിറങ്ങി നോക്കിയായൽ ആരെയും കാണില്ല.
രയരോം, മൂന്നാംകുന്ന്, പെരുവട്ടം, എയ്യൻകല്ല്, തിരുമേനി, കോക്കടവ്, മുളപ്ര, പാറോത്തുംനീർ, കന്നിക്കളം, കോലുവള്ളി എന്നിവിടങ്ങളിലെല്ലാം ബ്ലാക്ക്മാനെത്തി.
പ്രാപ്പൊയിൽ ഭാഗത്ത് യുവാക്കളുടെ നേതൃത്വത്തിൽ മൂന്നുദിവസം തുടർച്ചയായി കാവലും തെരച്ചിലും നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്.
പലയിടത്തും അവ്യക്തമായി ബ്ലാക്ക്മാനെ കാണാൻ കഴിഞ്ഞെങ്കിലും കാമറയിൽ ഇതുവരെ പതിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല.
പ്രാപ്പോയിലിലെ ഒരു വീടിന്റെ ഭാഗത്തുനിന്നു രണ്ടു ദിവസം മുൻപ് അടിവസ്ത്രം മാത്രമിട്ട ഒരു രൂപം ഓടി മറയുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.
ബ്ലാക്ക്മാൻ ഒരാൾ മാത്രമല്ല ഒരു സംഘംതന്നെയാണെന്നാണ് വിലയിരുത്തൽ. ഒരേസമയം പലയിടങ്ങളിൽ ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെടുന്നു.
ബ്ലാക്ക്മാൻ ശല്യം തുടരുമ്പോൾ സ്ത്രീകളും കുട്ടികളുമൊക്കെ രാത്രിയാകുന്നതോടെ ഏറെ ഭയത്തോടെയാണ് വീടുകളിൽ കഴിയുന്നത്.
നാട്ടിൽ ഭീതി വിതയ്ക്കുന്ന ബ്ലാക്ക്മാനെ പിടികൂടുവാൻ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.