കൊല്ലം: ഇരവിപുരത്തും പരിസര പ്രദേശങ്ങളിലും രാത്രി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് വാളത്തുംഗൽ ആക്കോലിൽ കുന്നിൽ തെക്കതിൽ അപ്പു എന്നു വിളിക്കുന്ന അഭിജിത്ത് (22) പിടിയിലായെങ്കിലും ഇയാളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ബാക്കിയാകുന്നു.മോഷ്ടിച്ച ബൈക്കുമായാണ് അഭിജിത്ത് കഴിഞ്ഞ ദിവസം പരവൂർ പോലീസിന്റെ പിടിയിലായത്. വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടവ എന്ന സ്ഥലത്ത് നിന്ന് മോഷ്ടിച്ചതായിരുന്നു ബൈക്ക്.
സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് 18,000 രൂപയും നാല് ഗ്രാം സ്വർണവും കവർന്നു. മറ്റൊരു വീട്ടിലെ സ്ത്രീയെ ആക്രമിക്കാനും ശ്രമം നടന്നു. കവർച്ചയ്ക്കൊപ്പം സ്ത്രീകളെ ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി.ബന്ധുവായ യുവാവിനെ പരവൂർ ദയാബ്ജി ജംഗ്ഷനിൽ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഹെൽമെറ്റ് പോലീസിന് കണ്ടെത്താൻ ആയില്ല.
കസ്റ്റഡിയിൽ എടുക്കുന്പോൾ കൈവശം സിംകാർഡ് ഊരിയ നിലയിൽ ഒരു സ്മാർട്ട് ഫോൺ ഉണ്ടായിരുന്നു. സിംകാർഡ് എന്തുചെയ്തു എന്ന സംശയവും ബാക്കി. മോഷ്ടിച്ച സ്വർണം എന്തുചെയ്തു എന്ന ചോദ്യത്തിനും ഉത്തരമില്ല. പുലർച്ചെ രണ്ടോടെയാണ് ഇടവയിലെ വീട്ടിൽ നിന്ന് പണം കവർന്നത്. ഇത്രയും പണം വൈകുന്നേരത്തിനകം ചെലവഴിച്ചോ എന്ന ചോദ്യവും ബാക്കിയാകുന്നു.
പ്രമുഖ കന്പനിയുടെ മുന്തിയ ഇനം ബൈക്കാണ് യുവാവ് സ്ഥിരമായി ഉപയോഗിക്കുന്നത്. എല്ലാം മോഷ്ടിച്ചെടുക്കുന്നവയാണ്. ഇതുമായി ബന്ധപ്പെട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ല എന്ന ആക്ഷേപവും നാട്ടുകാർ പറയുന്നു.പിടിയിലാകുന്പോൾ കണ്ണിൽ പ്രത്യേകയിനം ലെൻസ് ഘടിപ്പിച്ചിരുന്നു. കറുത്ത പാന്റും ഷർട്ടുമായിരുന്നു വേഷം. കറുത്ത തൊപ്പിയും ധരിച്ചാണ് പലപ്പോഴും മോഷണത്തിന് ഇറങ്ങിയിരുന്നത്.
ഇയാളുടെ സംഘത്തിൽ ആരൊക്കയാണ് ഉള്ളത് എന്നത് സംബന്ധിച്ചും പോലീസിന് കാര്യമായ വിവരം ഇല്ല. അതിവേഗം ഓടി മതിലുകളും മരങ്ങളും ചാടിക്കടക്കാൻ പ്രത്യേക കഴിവും ബ്ലാക്ക് മാന് ഉണ്ടെന്നാണ് അനുഭവസ്ഥരായ നാട്ടുകാർ പറയുന്നത്.മയക്കുമരുന്ന് മാഫിയയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. പിടിയിലാകുന്പോൾ വീര്യമുള്ള മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ കാര്യമായി നടന്നിട്ടുമില്ല. കഞ്ചാവ് ലോബിയിലെ കണ്ണികളിൽ ചിലരുടെ പിന്തുണ ഉളളതായും വിവരമുണ്ട്.
വാളത്തുംഗൽ പ്രദേശത്ത് മോഷണവും സ്ത്രീകളെ ശല്യം ചെയ്യലും തുടർക്കഥയായപ്പോൾ നാട്ടുകാർ പോലീസിന്റെ സഹായത്തോടെ ജാഗ്രതാ സ്ക്വാഡുകൾ രൂപീകരിച്ച് രാത്രി പരിശോധനകൾ ശക്തമാക്കിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ട നിരവധി യുവാക്കളെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു.രാത്രി പരിശോധനകൾ തുടരുന്പോൾ ചിലയിടങ്ങളിൽ മോഷ്ടാവ് കാറിൽ എത്തുന്നതായും സൂചനകൾ ലഭിച്ചു.
ഇതോടെയാണ് ഇയാൾക്ക് പിന്നിൽ നിരവധി പേർ ഉണ്ടെന്ന സംശയം ദൃഡപ്പെട്ടത്. അപ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു.സ്ത്രീകൾ മാത്രമുള്ള വീടുകളുടെ ടെറസിൽ കയറി ഒളിച്ചിരിക്കുന്നതും ഇയാളുടെ രീതിയാണ്. വിവരമറിഞ്ഞ് ആരെങ്കിലും സംഘടിച്ചാൽ അവരെ കല്ലെറിഞ്ഞ ശേഷം അതിവേഗം ഓടിരക്ഷപ്പെടും. ചിലപ്പോൾ വീടുകളുടെ കുടിവെളള ടാപ്പുകൾ തുറന്നുവിടും.
ശബ്ദം കേട്ട് സ്ത്രീകൾ മാത്രമാണ് പുറത്തിറങ്ങുന്നതെങ്കിൽ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി പീഡിപ്പിച്ച ശേഷം സ്വർണവും പണവും കവർന്ന് ഓടിമറയും. ഒരു വീട്ടിലും ഒരു പ്രദേശത്തും ഒന്നിലധികം തവണ മോഷണത്തിന് എത്തുന്നതും ഇയാളുടെ ശൈലിയാണ്.ഓട്ടത്തിൽ പോലീസിനെ ബഹുദൂരം പിന്നിലാക്കുന്നതാണ് പ്രകടനം. ഇതിൽ പ്രത്യേക പരിശീലനം ആരെങ്കിലും നൽകുന്നുണ്ടോയെന്നും നാട്ടുകാർ സംശയിക്കുന്നു. ഇരവിപുരം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്പോൾ ഇതിനൊക്കെ ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
ഇയാളുടെ അക്രമണത്തിന് വിധേയരായ നിരവധി സ്ത്രീകളുണ്ട്. മാനഭയം കാരണം പലരും പോലീസിൽ പരാതിപ്പെട്ടിട്ടുപോലുമില്ല. ഇതും പോലീസിനെ കുഴയ്ക്കുന്ന കാര്യമാണ്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരവിപുരം പോലീസ് നേരത്തെ അഭിജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ മറ്റ് ചില കേസുകളിലും പിടിയിലായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയത്. കഴിഞ്ഞ കുറെ നാളുകളായി ഇയാൾ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നു.
ജയിലിൽ വച്ച് പരിയചയപ്പെട്ട ബാലരാമപുരം സ്വദേശിയുടെ സഹായത്തോടെയാണ് അവിടെ ഒളിത്താവളം കണ്ടെത്തിയത്. എന്നാൽ ബാലരാമപുരം സ്വദേശിയായ സുഹൃത്ത് പിന്നീട് കൊല്ലത്തും പരിസര പ്രദേശത്തും എത്തി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടു. ഒരിക്കൽ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുകയുമുണ്ടായി.തിരിച്ചറിയാതിരിക്കാൻ അടുത്തിടെ ഹെയർ സ്റ്റൈലൊക്കെ മാറ്റിയായിരുന്നു കറക്കം.
പരവൂരിൽ ഇയാൾക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ പല സ്റ്റേഷനുകളിലും കേസുകൾ നിലനിൽപ്പുണ്ട്. ചില കേസുകളിൽ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസുകളിലൊക്കെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. പോലീസ് ജില്ലയിലാകെ അഭിജിത്തിനുവേണ്ടി വലവിരിച്ച് അരിച്ച് പെറുക്കുന്പോഴും ഇടവയിലെ മോഷണങ്ങൾക്ക് ശേഷം എന്തിന് പരവൂരിൽ എത്തിയെന്ന സംശയവും നിലനിൽക്കുന്നു.
പലയിടത്തും ഇയാൾക്ക് പ്രാദേശിക പിന്തുണ ലഭിച്ചിരുന്നതായും സൂചനകൾ ഉണ്ട്.അതേസയം ഇയാൾക്കെതിരേ കാപ്പ നിയമം ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നടപടികളും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.