കോട്ടയം: പാന്പാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ അജ്ഞാതൻ രാത്രികാലങ്ങളിൽ എത്തി ഭയപ്പെടുത്തുന്നത് പതിവാകുന്നു. ഇതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പലർക്കും പേടിയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാന്പാടി പഞ്ചായത്തിൽ മുളേക്കുന്ന്, അട്ടിപ്പടി, നെടുങ്ങോട്ട്മല തുടങ്ങിയ പ്രദേശങ്ങളിലാണ് അജ്ഞാതൻ രാത്രികാലങ്ങളിൽ വീടുകളിലെത്തി ഭയപ്പെടുത്തുന്നത് നിത്യസംഭവമായിരിക്കുന്നത്.
സന്ധ്യ കഴിയുന്നതോടെ വീടിന്റെ ജനലുകളിലും കതകുകളിലും തട്ടിവിളിക്കുകയാണ്. ചില സമയങ്ങളിൽ നിലവിളിക്കുകയും അപശബ്്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഇതോടെ വീട്ടുകാർ പേടിച്ചു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
ഏതാണ്ട് കുറച്ചു സമയത്തിനുശേഷം ശബ്ദമുണ്ടാക്കുകയും തട്ടിവിളിക്കുകയും ചെയ്യുന്നവർ ഈ വീടുകളിൽ നിന്നും ഓടി മറയുകയും ചെയ്യും. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ട് അയൽവാസികളെ വിവരമറിയിച്ചു അവർ സംഘടിച്ച് എത്തുന്പോഴേക്കും ഭയപ്പെടുത്തുന്നവർ രക്ഷപ്പെടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഏതെങ്കിലും സംഘങ്ങളുടെ മോഷണശ്രമമാണോ അതോ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളാണോയെന്നു വ്യക്തമല്ല.
ഇതു മൂലം പ്രദേശമാകെ ഭീതി പടർന്നിരിക്കുകയാണ്. ഇതോടെ പ്രദേശവാസികളായ സ്്ത്രീകളും കുട്ടികളും അടങ്ങുന്നവർ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തേക്ക് ഇറങ്ങാൻ ഭയപ്പെടുകയാണ്. പലരും ഇരുട്ടാകുന്നതിനു മുന്പു വീടുകളിൽ അഭയം തേടുകയാണ്.
ഇത് സംബന്ധിച്ച് രണ്ട് പരാതികൾ പാന്പാടി സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിരവധി റബർ തോട്ടങ്ങളുള്ളതിനാൽ ഇവിടം കേന്ദ്രീകരിച്ച് മദ്യപാനവും ലഹരി ഉപയോഗവും നടക്കുന്നതായി പരിസരവാസികൾ പറയുന്നു. ഇത്തരക്കാരാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും വ്യാപകമാണ്.
നാട്ടുകാരെ ഭയപ്പെടുത്തുന്ന സംഘത്തെ പിടികൂടുന്നതിനായി പ്രദേശവാസികളായ യുവാക്കൾ ചേർന്നു രാത്രികാലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.