പന്തളം: പന്തളം തെക്കേക്കരയില്‍ കുടിവെള്ള പൈപ്പില്‍ വൈദ്യുതി കടത്തിവിട്ട് വീട്ടുടമസ്ഥരെ അപായപ്പെടുത്താൻ ശ്രമം. തട്ട ഇടമാലി വാഴപ്പള്ളില്‍ രാമചന്ദ്രക്കുറുപ്പ് (66), ഭാര്യ മണി (62) എന്നിവരെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.
കഴിഞ്ഞ രാത്രി വൈദ്യുത ലൈനില്‍ നിന്നും വയര്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തെ പൈപ്പിലൂടെ വൈദ്യുതി കടത്തിവിടുകയായിരുന്നു. ഇന്നലെ രാവിലെ പുറത്തിറങ്ങിയ വീട്ടുകാര്‍ ടാപ്പിനുള്ളില്‍ നിന്നും പുറത്തേക്ക് വയറിംഗിനുപയോഗിക്കുന്ന വയര്‍ കാണുകയും ഇത് പോസ്റ്റിലെ വൈദ്യുതി ലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്നതു കണ്ടെത്തുകയുമായിരുന്നു.
വിവരമറിയിച്ചതിനേത്തുടര്‍ന്ന് കൈപ്പട്ടൂരില്‍ നിന്നും കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഇതു നീക്കം ചെയ്തു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന ഏണിയാണ് അക്രമികള്‍ പോസ്റ്റില്‍ കയറാന്‍ ഉപയോഗിച്ചത്. ഇത് അടുത്ത പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അടൂര്‍ ഡിവൈഎസ്പി ആര്. ജോസ് സ്ഥലത്തെത്തിയിരുന്നു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. മക്കള്‍ സംസ്ഥാനത്തിന് പുറത്തു ജോലിചെയ്യുന്നതിനാല്‍ രാമചന്ദ്രക്കുറുപ്പും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. നാട്ടില്‍ തങ്ങള്‍ക്ക് ശത്രുക്കള്‍ ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷംമുമ്പ് ബ്ലാക്ക്മാന് ഭീതി പരത്തിയിരുന്ന സമയത്ത് അപരിചിതനെ രാത്രിയില്‍ ഈ വീടിനു സമീപത്തുനിന്നു നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു. അതിന്റെ പകയാകാം സംഭവത്തിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.