കണ്ണൂർ: എടക്കാട്, ചക്കരക്കൽ മേഖലകളിൽ നാട്ടുകാരുടെ ഉറക്കംകെടുത്തിയ ” ബ്ലാക്ക്മാൻ’ അറസ്റ്റിൽ. തഞ്ചാവൂർ സ്വദേശി രാജപ്പനെ (33) യാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. രണ്ടുമാസത്തിനിടെ എടക്കാട് പോലീസ് സ്റ്റേഷനിലും വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലും രണ്ടു വീതവും കൊയിലാണ്ടി സ്റ്റേഷനിൽ നാലും കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തളിപ്പറന്പ്, തലശേരി, ചക്കരക്കൽ സ്റ്റേഷനുകളിലെ മോഷണ കേസുകളിലും ഇയാൾ പ്രതിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അർധരാത്രി വീടുകളുടെ പിൻഭാഗത്തെ ഗ്രിൽസും വാതിലും തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
2008ൽ തലശേരി പോലീസിന്റെ പിടിയിലായിരുന്നു. 18 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. ഈ കേസുകളിലെ ശിക്ഷകഴിഞ്ഞ് കഴിഞ്ഞ ജനുവരി 27ന് പുറത്തിറങ്ങിയ രാജപ്പൻ വീണ്ടും മോഷണം തുടരുകയായിരുന്നു.
ആമയെ പിടിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ സന്ധ്യാസമയങ്ങളിൽ വീടുകളുടെ പരിസരത്ത് എത്തുന്നത്. വീടുകളിലെ സാഹചര്യങ്ങൾ നോക്കിവച്ചശേഷം അർധരാത്രിയോടെ മോഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 22ന് എടക്കാട് കുറ്റിക്കകത്തെ ഉഷയുടെ വീട്ടിൽ നിന്ന് മൂന്നേമുക്കാൽ പവന്റെ സ്വർണാഭരണവും ആഡൂർ പാലത്തിനടുത്തെ സലീനയുടെ വീട്ടിൽ നിന്ന് മാർച്ച് 25ന് മൂന്നരപവൻ സ്വർണവും ഇയാൾ മോഷ്ടിച്ചിരുന്നു.
കണ്ണൂർ ടൗണിലെ കടയുടെ പൂട്ടുപൊളിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലാകുന്നത്. കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിർദേശപ്രകാരം സിഐ രത്നകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇയാൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു.
അജിത്ത്, മിഥുൻ, സജിത്ത്, സുഭാഷ്, മഹിജൻ, അനീഷ്, രാജീവൻ തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.