ഹരിപ്പാട്: നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ പൊതു വിതരണവകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവ സംയുക്തമായി കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
അരി, പല വ്യഞ്ജന മൊത്ത ചില്ലറ വ്യാപാരശാലകളിലും പച്ചക്കറി വില്പനശാലകളിലും ഹോട്ടൽ, ബേക്കറി, ഫ്രൂട്ട്സ്റ്റാൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ നാല് ക്രമക്കേടുകൾ കണ്ടെത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന്റെ പേരിലും വില്പനയ്ക്കായി വച്ചിരുന്ന ഉത്പന്നങ്ങളുടെ പാക്കറ്റിൽ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്തതിന്റെ പേരിലും നാലു കേസുകൾ രജിസ്റ്റർ ചെയ്തു.
സംയുക്ത പരിശോധനയിൽ സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ, ലീഗൽ മെട്രോളജി ഓഫീസർ ആർ. ജയലക്ഷ്മി, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് കെ.വി. വിജേഷ് കുമാർ, സുനിൽകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
23 ചാക്ക് അരി പിടികൂടി
ഹരിപ്പാട്: തുക്കുന്നപ്പുഴ പാനൂർ പള്ളിക്കു സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ച 23 ചാക്ക് അരി പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജി.ഓമനക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്.