2000 രൂപയുടെ കറന്‍സി പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ബാങ്കുകള്‍.
മെയ് 23 മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ ജന്‍ധന്‍, ബേസിക്(ബിഎസ്ബിഡി)അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടാണ് ബാങ്കുകളുടെ മുന്‍കരുതല്‍.
കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം അക്കൗണ്ട് ഉടമകളെ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാലാണ് നിരീക്ഷണം ശക്തമാക്കിയത്.
2016ല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സമയത്ത് ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിരുന്നു.
ദീര്‍ഘകാലമായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ വഴിയും നിക്ഷേപം കാര്യമായെത്തി. 2016ലെ നിരോധന സമയത്ത് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 50 ദിവസമാണ് അനുവദിച്ചത്.
ഇത്തവണ 130 ദിവസം ലഭിക്കും. അതിനുശേഷവും 2000 രൂപയുടെ നോട്ടിന് നിയമപ്രാബല്യം ഉണ്ടാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
നിശ്ചിത കാലയളവില്‍ പരമാവധി നോട്ടുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിയതി നിശ്ചയിച്ചിട്ടുള്ളത്.
അപേക്ഷയോ, സ്ലിപ്പോ ഇല്ലാതെ 20,000 രൂപവരെ മൂല്യമുള്ള നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.
2,000 രൂപയുടെ നോട്ടുകള്‍ എത്ര മൂല്യമുള്ളതായാലും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ല.
2,000 രൂപയുടെ നോട്ടുകള്‍ എത്തുന്നതോടെ ബാങ്ക് നിക്ഷേത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്ന് വിലയിരുത്തല്‍.
2023 മാര്‍ച്ച് 31വരെയുള്ള കണക്കുപ്രകാരം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.62 ലക്ഷം കോടി രൂപയാണ്.
വന്‍തോതില്‍ നിക്ഷേപമെത്തുന്നതോടെ വായ്പ-നിക്ഷേപ അന്തരത്തില്‍ കാര്യമായ കുറവുണ്ടാകും. ആര്‍ബിഐയുടെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 184.35 ലക്ഷം കോടി രൂപയാണ്.