ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ നിയന്ത്രണാതീതമായി വർധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധന രേഖപ്പെടുത്തി.
ഇതുവരെ 31,216 പേർക്ക് രോഗം ബാധിച്ചതായും 2109 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗബാധ വർധിച്ചതോടെ, ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബി മരുന്നിനു ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7,057 കേസുകളും 609 മരണവും.
ഗുജറാത്തിൽ 5,418 കേസുകളും 323 മരണവും രാജസ്ഥാനിൽ 2,976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് 25നു മഹാരാഷ്ട്രയിൽ 2,770 കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ അതേ ദിവസം 2,859 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഉത്തർപ്രദേശിൽ ഇതുവരെ 1,744 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 142 പേർ മരിച്ചു. ഡൽഹിയിൽ 1200 പേർക്ക് രോഗം ബാധിക്കുകയും 125 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
ജാർഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകൾ. ബംഗാളിലാണ് ഏറ്റവും കുറവ് മരണം (23) സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടെത്തുന്നത്.
ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നേരത്തേ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.