ന്യൂഡൽഹി: രാജ്യത്താകമാനം 8848 പേർക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ്) ബാധിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നിന്റെ 23,000 അധിക ഡോസുകൾ സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗബാധ കൂടിയതു സംബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തിയ അവലോകനത്തിനു ശേഷമാണ് ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന്റെ 23,680 അധിക ഡോസുകൾ അനുവദിച്ചതെന്നു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ മന്ത്രാലത്തിന്റെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയ 8848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വിഹിതം അനുവദിച്ചതെന്നും സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.