നെയ്യാറ്റിൻകര: പലിശയ്ക്കു വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നംഗങ്ങൾക്കു നേരെ ആക്രമണശ്രമമെന്ന് പരാതി. യുവാവും ഭാര്യയും കുട്ടിയും ആശുപത്രിയിൽ. ബ്ലേഡ് പലിശക്കാരനു വേണ്ടി പോലീസ് ഉൗർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. നെയ്യാറ്റിൻകര കവളാകുളം പുതുക്കര മേലെ പുത്തൻവീട്ടിൽ അനിൽകുമാർ, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദ്ദനമേറ്റതായി മൊഴി നൽകിയിരിക്കുന്നതെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.
അനിൽ- ശ്രീജ ദന്പതികളുടെ മകൾ അനുശ്രീക്കും മർദ്ദനമേറ്റതായി പറയപ്പെടുന്നു. വിമൽ എന്നയാളിൽ നിന്നും മൂന്നുവർഷം മുന്പാണ് അനിൽകുമാർ ഒരു ലക്ഷം രൂപ വാങ്ങിയതത്രെ. ടിപ്പർ ലോറി ഡ്രൈവറായ അനിൽ പ്രതിമാസം ആറായിരം രൂപ പലിശ നൽകിയിരുന്നു. ശേഷിക്കുന്ന 25,000 രൂപ നൽകുന്നതിനെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം വഴക്കുണ്ടായത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ വിമൽ ബാക്കി തുക ആവശ്യപ്പെട്ടു. ശ്രീജയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
പണം നൽകാൻ അൽപ്പം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ ശ്രീജ അനിലിനെ ഫോണ് വിളിച്ചു. തുടർന്ന് വിമൽ ശ്രീജയുടെ തലമുടിക്ക് ചുറ്റിപ്പിടിക്കുകയും വയറ്റിൽ ചവിട്ടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമുണ്ടായി. വിവരം അറിഞ്ഞെത്തിയ അനിലിനും വീട്ടിലുണ്ടായിരുന്ന മകൾക്കും മർദനമേറ്റു.
മൊബൈൽ കൊണ്ട് നെഞ്ചിൽ ഇടിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. അനിലും ശ്രീജയും മകളും ഇപ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്ലേഡ് മാഫിയയുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നെയ്യാറ്റിൻകരയിൽ നേരത്തെ നിരന്തരം നടന്നിട്ടുണ്ട്. വൻതുകകളാണ് പലിശയെന്നോണം വാങ്ങുന്നത്.
പണം കൃത്യമായി കൊടുക്കാതിരുന്നാൽ ഭീഷണിയും വീടു കയറി ആക്രമണവുമൊക്കെ പതിവാണ്. ഓപ്പറേഷൻ കുബേര നടപ്പിലായപ്പോൾ പലരും മാളങ്ങളിലൊതുങ്ങി. ചിലരെ പോലീസ് പിടികൂടി. ഭരണം മാറിയതോടെ പഴയ ബ്ലേഡ് മാഫിയ കൂടുതൽ ശക്തിയോടെ രംഗത്ത് വന്നിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.