പത്തനംതിട്ട: എത്ര ഓപ്പറേഷന്‍ കുബേര നടത്തിയാലും മലയാളി പഠിക്കില്ലെന്നു വച്ചാല്‍ എന്താ ചെയ്യുക. 1980 മുതല്‍ നമ്മള്‍ കാണുന്നതാണ് ബ്ലേഡ് കമ്പനി ഉടമകള്‍ നാട്ടുകാരെ പറ്റിച്ച് പണം തട്ടി മുങ്ങുന്നത്. കൂടുതല്‍ പലിശ, കുറഞ്ഞ നിക്ഷേപ കാലാവധി എന്നിങ്ങനെ കേള്‍ക്കുമ്പോള്‍ മുന്‍പിന്‍ നോക്കാതെ ബ്ലേഡ് കമ്പനിയില്‍ നിക്ഷേപത്തിന് ഓടും. കിട്ടുന്ന കോടികളുമായി ഉടമ മുങ്ങും. ഒടുവില്‍ കോടതിയില്‍ പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യുന്നതോടെ ആ കോടികള്‍ അയാള്‍ക്കു സ്വന്തം.
കോഴഞ്ചേരിയ്ക്കു സമീപം ചെറുകോലില്‍ നിന്നു പുറത്തുവരുന്നതും ഇത്തരമൊരു തട്ടിപ്പിന്റെ കഥയാണ്. തേവര്‍വേലില്‍ ബാങ്കേഴ്‌സ് ഉടമ കെവി മാത്യുവും(ഷാജി) ഭാര്യ ആനിയും ചേര്‍ന്നാണ് നാട്ടുകാരെ പറ്റിച്ച് 30 കോടിയുമായി മുങ്ങിയിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി റാന്നി താലൂക്കിലെ ചെറുകോല്‍ പഞ്ചായത്തില്‍ വാഴക്കുന്നം ജംഗ്ഷനിലാണ് തേവര്‍വേലില്‍ ബാങ്കേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് കോഴഞ്ചേരി സിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം നടക്കുന്നില്ല. ബാങ്ക് ഉടമയും കുടുംബവും താമസിക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ അറിവു നല്‍കിയിട്ടും ഒന്ന് അന്വേഷിക്കാന്‍ പോലും പൊലീസ് തയാറാകുന്നില്ല എന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.
ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന തേവര്‍വേലില്‍ തേവേടത്ത് ടി.എം വര്‍ഗീസും (പാപ്പച്ചന്‍) ഭാര്യ മേരിക്കുട്ടിയും ചേര്‍ന്ന് 25 വര്‍ഷം മുമ്പാണ് ബാങ്ക് ആരംഭിച്ചത്. തുടക്കത്തില്‍ മാന്യമായ രീതിയില്‍ പണമിടപാട് നടത്തി വന്ന സ്ഥാപനം നാട്ടുകാരുടെ വിശ്വാസ്യതയാര്‍ജിച്ചു. വര്‍ഗീസിന്റെ മരണ ശേഷമാണ് മകന്‍ മാത്യുവും ഭാര്യ ആനിയും ബാങ്ക് ഏറ്റെടുത്തത്. അയിരൂര്‍, ചെറുകോല്‍, വാഴക്കുന്നം, കാട്ടൂര്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് സാധാരണക്കാരാണ് ഒരായുസ് മുഴുവന്‍ സമ്പാദിച്ച സ്വത്ത് ബാങ്കില്‍ നിക്ഷേപിച്ചത്. കാട്ടൂര്‍ പേട്ടയിലെ മത്സ്യകച്ചവടക്കാര്‍ അവരുടെ ലാഭത്തിന്റെ നല്ലൊരു ശതമാനവും ഈ ബാങ്കിലാണ് ഇട്ടിരുന്നത്. കൂടാതെ ജീവിതത്തിന്റെ നല്ലകാലം ഗള്‍ഫില്‍ കഴിച്ച ആളുകളുടെ സമ്പാദ്യവുമായപ്പോള്‍ ബാങ്കില്‍ പണം കുമിഞ്ഞു കൂടി.
വ്യക്തമായ ആസുത്രണത്തിനു ശേഷമാണ് മാത്യു പണം അടിച്ചെടുത്തതെന്ന് നിക്ഷേപകര്‍ പറയുന്നു. സംഭവത്തില്‍ ഭാര്യ ആനിക്കും അവരുടെ സഹോദരന്‍ ജേക്കബ് മനു മാത്യുവിനും വ്യക്തമായ പങ്കുണ്ടെന്നും നിക്ഷേപകര്‍ തറപ്പിച്ചു പറയുന്നു. ആദ്യം കാനഡയിലേക്ക് കുടിയേറിയ ജേക്കബ് മനു മാത്യു സഹോദരിയേയും ഭര്‍ത്താവിനെയും അവിടേക്ക് കൊണ്ടു പോകാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ അറിയാതെ മാത്യു നാട്ടിലെ സ്വത്തുക്കള്‍ രഹസ്യമായി വിറ്റു തുടങ്ങി. ഇതിന്റെ നല്ലൊരു ശതമാനവും കാനഡയിലേക്ക് കടത്തിയതായും നിക്ഷേപകര്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നുമാസം മുമ്പ ് ബാങ്ക് നിന്നിരുന്ന സ്ഥലവും കെട്ടിടവും രഹസ്യമായി വിറ്റ് കാശാക്കി. ഇതിനിടെ വിവിധ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടവരെ ഒഴിവു കഴിവുകള്‍ പറഞ്ഞ് തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടത്.
ബാങ്ക് ഉടമകള്‍ കാനഡയിലേക്കു കടന്നു കളയാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് നിക്ഷേപകര്‍ മാത്യുവിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ അന്ന് തന്റെ പാസ്‌പോര്‍ട്ട് നിങ്ങളുടെ കൈവശം തരാമെന്നു പറഞ്ഞ് ഇയാള്‍ നാട്ടുകാരുടെ വിശ്വാസം ആര്‍ജിച്ചു. പല തവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് കോഴഞ്ചേരി സിഐ ബി അനിലിന് പരാതി നല്‍കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.ഒടുവില്‍ സിഐയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിന് മാത്യുവും ആനിയും തയാറായി. ഇതനുസരിച്ച് കഴിഞ്ഞ 15 ന് മുമ്പ് പണം മുഴുവന്‍ കൊടുത്തു തീര്‍ക്കാമെന്ന് ഉടമകള്‍ സമ്മതിച്ചു. ഈ ആവശ്യത്തിനായി രണ്ടര കോടി രൂപയ്ക്ക് വസ്തു വില്‍ക്കുകയാണെന്നും അവര്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. 13 ന് പണം ആവശ്യപ്പെട്ട് ചെന്നവരോട് ധൈര്യമായി ഇരിക്കാനും 15 ന് തീര്‍ച്ചയായും നല്‍കാമെന്നും ഉറപ്പു നല്‍കി. എന്നാല്‍ അന്നു രാത്രി തന്നെ മാത്യു കുടുംബസമേതം മുങ്ങി.
നാട്ടുകാരില്‍ നി്ന്നും വെട്ടിച്ച പണമുപയോഗിച്ച് സംസ്ഥാനത്തിനകത്തും പുറത്തും ഇയാള്‍ ബിനാമിപ്പേരില്‍ വസ്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബിനാമിപ്പേരില്‍ നെടുമ്പാശേരിയില്‍ വാങ്ങിയ ഫ്‌ളാറ്റിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് പോലീസിനെ അറിയിച്ചിട്ടും അറസ്റ്റു ചെയ്യാന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. മാത്യുവിന്റെ മകന്‍ ബാങ്കില്‍ മൂന്നുവര്‍ഷത്തോളം ജോലി ചെയ്തിരുന്നു. മകള്‍ ബിഎസ്‌സി നഴ്‌സിങിന് തമിഴ്നാട്ടില്‍ പഠിക്കുന്നു. ഇവരെ ചോദ്യം ചെയ്താല്‍ തട്ടിപ്പിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും നിക്ഷേപകര്‍ പറയുന്നു.
നാട്ടിലെ സാധാരണക്കാരുടെ പണമാണ് ബാങ്കില്‍ ഏറെയുമുള്ളത്. വികലാംഗയായ തയ്യല്‍ തൊഴിലാളി കുട്ടികളെ പഠിപ്പിക്കാന്‍ തുച്ഛശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചുണ്ടാക്കിയ ഒരു ലക്ഷം രൂപയും തട്ടിയെടുത്തതില്‍ ഉള്‍പ്പെടുന്നു. വീട്ടമ്മമാര്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് മാധ്യമങ്ങളുടെ മുന്നില്‍ വന്നത്. പൊലീസിന്റെ സംരക്ഷണ കവചമാണ് മാത്യുവിന് തുണയാകുന്നത് എന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. നിക്ഷേപകര്‍ ചേര്‍ന്ന് ഒരു സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.