പയ്യന്നൂര്‍: വാക്കേറ്റത്തിനിടയില്‍ ബ്ലേഡുകൊണ്ട് തമിഴ്നാട് സ്വദേശിയുടെ കഴുത്ത് മുറിച്ചു. തമിഴ്നാട് മാരിയമ്മന്‍ കോവിലിലെ ഗോവിന്ദരാജിന്റെ മകന് സെല്‍വന്റെ (47) കഴുത്തിലാണ് മുറിവേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ കാരയിലെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം സെല്‍വനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒമ്പതോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡ് വിശ്രമ കേന്ദ്രത്തിന് സമീപമാണ് സംഭവം. കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിലെ വിരോധമാണ് വാക്കേറ്റത്തിനും അക്രമത്തിലും കലാശിച്ചത്. കഴുത്തിന് മുറിവേറ്റ് ചോര വാര്‍ന്ന് അവശനായ സെല്‍വനെ ഓട്ടോ ഡ്രൈവര്‍മാരാണ് സഹകരണ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസാണ് ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ പരിയാരത്തെത്തിച്ചത്.