ചവറ: കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കോടികൾ കൊള്ള പലിശയ്ക്ക് നൽകാൻ ബ്ളേഡ്മാഫിയ രംഗത്ത്.താലൂക്കിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചണ് ഈ സംഘങ്ങളുടെ ഇടപാടെന്നാണ് വിവരം. പത്ത് മുതൽ പതിനഞ്ചു ശതമാനം വരെ പലിശക്കാണ് ഇവർ പണം കടം നൽകുന്നത്. തമിഴ്നാട്, തെങ്കാശി, മധുര, കന്യാകുമാരി, എന്നിവിടങ്ങളിൽ നിന്നുള്ള തമിഴ് സംഘങ്ങളാണ് പിന്നിൽ .
കച്ചവട മേഖലയിൽ വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപരികൾ പലരും പാപ്പരായി സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് മിക്കവരും പണം കടം വാങ്ങി കച്ചവടത്തിനിറങ്ങുന്നത്. ഇത്തരം കച്ചവടക്കാരാണ് താലൂക്കിൽ തമിഴ്നാട് ബ്ലേഡ് മാഫിയയുടെ വലയിൽ കുടുങ്ങുന്നത്.
മലയാളികളും അന്യസംസ്ഥാനക്കാരും ബ്ലേഡ് സംഘത്തിലുണ്ട്.കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ ഇവർ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിനനുസരിച്ച് കമ്മീഷൻ കിട്ടുന്നതിനാൽ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം .
പണം തിരിച്ചടക്കാൻ കഴിയാതെ വരുന്നതോടെ ഈടു നൽകുന്നത് ബ്ലേഡ് മാഫിയയുടെ സ്വന്തമാകുന്നു. ഒട്ടേറെ ബ്ലേഡ് മാഫിയ സംഘങ്ങൾ ഒറ്റയ്ക്കും സംഘമായും താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾ വാടകയ്ക്ക് എടുത്താണ് ഇടപാട് നടത്തുന്നത് .പലിശ ആദ്യം ഈടാക്കിയ ശേഷമാണ് ബ്ലേഡ് മാഫിയ വായ്പ തുക ആവശ്യക്കാർക്ക് കൈമാറുന്നത്.
10000 രൂപ വാങ്ങുന്നവരിൽ നിന്നും ആദ്യം 1000 രൂപ ഈടാക്കിയ ശേഷം 9000 രൂപ യാണ് നൽകുന്നത്. തിരിച്ചടയ്ക്കാൻ വൈകിയാൽ വീണ്ടും പലിശ നൽകേണ്ടി വരും. തുകയുടെ വലിപ്പമനുസരിച്ച് ഈടായി ചെക്ക് ലീഫുകൾ, റേഷൻകാർഡ്, വാഹനങ്ങളുടെ ആർ.സി ബുക്ക്, വസ്തുവിന്റ പ്രമാണം തുടങ്ങിയ വയാണ് വാങ്ങുന്നത്.
പണം കടം കൊടുക്കുന്നത് ഗഡുക്കളായി തിരിച്ചടയ്ക്കമെന്നാണ് ഇവരുടെ വ്യവസ്ഥ .തവണകളുടെ എണ്ണം കൂടുംന്തോറും പലിശ ഇരട്ടിയുമാകും. ഇവരുടെ കെണിയിൽ വീണ വീട്ടമ്മമാരിലും ചെറുകിട വ്യാപാരികളിൽ പലരും കടം കയറിയ നിലയിലാണ് . പലരും ഭയന്ന് ഇക്കാര്യങ്ങൾ പുറത്തു പറയാതെ കഴിയുകയാണ് .എന്നാൽ ഇത്തരം സംഘങ്ങളെ കുരുക്കാൻ പോലീസും അതീവ ജാഗ്രതയിലാണ്.