പാലക്കാട്: കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധി മുതലെടുത്ത് വായ്പാ തട്ടിപ്പുകാർ രംഗത്ത്. വായ്പയെടുത്ത തുകയുടെ രണ്ടിരട്ടി തിരിച്ചടച്ചിട്ടും ബ്ലേഡ് പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായാണ് പരാതികൾ ഉയരുന്നത്.
ഇതു സംബന്ധിച്ച് പാലക്കാട് സൗത്ത് പോലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ കുബേര പ്രകാരമാണ് അറസ്റ്റ്.
കോവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട് സാന്പത്തിക പ്രതിസന്ധി നേരിടുന്നവരേയും ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തവരേയുമാണ് ബ്ലേഡ് സംഘം ലക്ഷ്യമിടുന്നത്.
സ്ത്രീകളാണ് കൂടുതലായും ഇവരുടെ ഇരകളാകുന്നത്. ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് പത്തു ദിവസത്തേക്ക് പതിനായിരം രൂപയാണ് പലിശ. സ്പോട്ട് പലിശയായി വേറൊരു തുകയും ഈടാക്കും.
മൂത്താന്തറ സ്വദേശി പ്രസാദി (33) നെയാണ് സൗത്ത് സിഐ ഷിജു ടി. എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുന്നത്തൂർ മേട് സ്വദേശിയായ ശൈലജ (42)യ്ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷം രൂപയാണ് കൽമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ വായ്പയെടുത്തത്. പതിനായിരം രൂപ പലിശ ഈടാക്കിയ ശേഷം 90000 രൂപയാണ് നല്കിയത്.
ഏപ്രിൽവരെയുള്ള കാലയളവിൽ 1.2 ലക്ഷം രൂപ തിരിച്ചടച്ചു. ശൈലജയിൽ നിന്നു വായ്പയെടുത്ത രണ്ടു ലക്ഷം രൂപയ്ക്കു പകരം ഒന്പതു ലക്ഷം രൂപയും തിരിച്ചടച്ചു.
വീണ്ടും പണം ആവശ്യപ്പെട്ട് ശല്യം ചെയ്തപ്പോഴാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയത്.പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഒപ്പിട്ട തുക രേഖപ്പെടുത്താത്ത ചെക്കുകൾ കണ്ടെടുത്തു.
പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ആരെങ്കിലും ഇരയായിട്ടുണ്ടെങ്കിൽ പോലീസിൽ പരാതി നല്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.