ചാത്തന്നൂർ :ഒരു ഇടവേളക്ക് ശേഷം ചാത്തന്നൂരിലും പരിസരപ്രദേശങ്ങളിലും അമിതപലിശയ്ക്ക് പണം കൊടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ഊറാം വിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘം ചെറുകിട വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. ചെറിയ കച്ചവടങ്ങൾ നടത്തികൊണ്ടിരിക്കുന്ന വ്യാപാരികൾക്കാണ് കൂടുതലായി പണം നൽകുന്നത്.
ദിവസ പിരിവ് , ആഴ്ച പിരിവ് ,മാസപിരിവ് എന്നിങ്ങനെ പണം പലിശക്ക് നൽകിയ ശേഷം കൊളള പലിശയാണ് ഇവർ വ്യാപാരികളിൽ നിന്നും വാങ്ങുന്നത്.
പണം അടയ്ക്കാൻ നിവർത്തിയില്ലാതെ തവണ മുടങ്ങുന്പോൾ ബ്ലേഡ് മാഫിയ വ്യാപാരികളുടെ വീട്ടിലെത്തി സ്ത്രീകൾ ഉൾപ്പെടെയുളളവരെ ഭീഷണി പ്പെടുത്തുന്നതായും പരാതിയുണ്ട്. രാവിലെ 800 രൂപ നൽകിയാൽ വൈകുന്നേരം 1000 രൂപയായി മടക്കി നൽകണം. ചെറിയ കച്ചവടക്കാരും മത്സ്യകച്ചവടക്കാരുമാണ് ഇവരുടെ ഇര .നിവർത്തി കേട് കൊണ്ട് ഇവരുടെ കൈയ്യിൽ നിന്നും പണം കടം വാങ്ങിയാൽ ജീവിതാവസാനം വരെ കടക്കാരനായി തുടരും.
പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഭീഷണിയും തുടർന്ന് കടയിലുള്ള സാധനങ്ങൾ എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു. ആരോടും പരാതി പറയാൻ കഴിയാത്ത വ്യാപാരികൾ ഇവരുടെ ഭീഷണികൾക്ക് മുന്നിൽ അടിമപ്പെട്ട് ജീവിക്കുകയാണ് . ടീം കുബേര ഉൾപ്പടെ ശക്തമായി അന്വേഷണം നടത്തി ബ്ലേഡ് മാഫികൾക്ക് എതിരെ പോലീസ് നടപടികൾ എടുത്ത സമയത്ത് കുറഞ്ഞിരുന്ന സംഘം ഇപ്പോൾ വീണ്ടും സജീവമാണ്. പണം വാങ്ങിയവരിൽ പലരും ആത്മഹത്യയുടെവക്കിലാണ്.
മുദ്രപത്രം , വസ്തുവിന്റെ പ്രമാണം , ബ്ലാങ്ക ് ചെക്ക് , എന്നിവ വാങ്ങി ലക്ഷങ്ങളും സംഘം നൽകിവരുന്നുണ്ട്. ബാങ്കുകളുടെ നടപടികൾക്ക് കാത്ത് നിൽക്കാൻ മടിയുളളവർ വിവാഹ ആവശ്യത്തിനും മറ്റും ഇവരുടെ കൈയിൽ നിന്നും പ്രമാണം നൽകിയും അല്ലാതെയും പണം കടംവാങ്ങുന്നു.
ഒടുവിൽ മുതലും പലിശയും നൽകാൻ കഴിയാതെവരുന്നതോടെ വീടും വസ്തുവും ഇവർക്ക് സ്വന്തമായി മാറുകയാണ് ചെയ്യുന്നത് .ആ രീതിയിലുളള വട്ടിപ്പലിശയാണ് ഇവർ വാങ്ങിക്കുന്നത്. കിടപ്പാടം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലേക്ക് ഇവരെ തളളി വിടുകയാണ് ബ്ലേഡ് മാഫിയ.