തലശേരി: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. നങ്ങാറത്ത് പീടിക സ്വദേശിനിയാണ് അമിതമായി ഗുളികകള്‍ കഴിച്ച് അവശനിലയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസികളായ അധ്യാപിക ഉള്‍പ്പെടെയുള്ള ബ്ലേഡ് മാഫിയ സംഘത്തിന്റെ നിരന്തരമായ ഭീഷണി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യയ്ക്കു മുതിരുന്നതെന്നാണു യുവതി എഴുതിവച്ച കത്തില്‍ പറഞ്ഞിട്ടുള്ളത്.
യുവതിയുടെ പിതാവ് ചിട്ടി നടത്തിയിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്നു യുവതിയാണു ചിട്ടി ഏറ്റെടുത്ത് നടത്തി വന്നത്. ചിട്ടിയുടെ ബാധ്യത തീര്‍ക്കുന്നതിനായി ഒരാളില്‍ നിന്ന് ആറര ലക്ഷം രൂപയും മറ്റൊരാളില്‍ നിന്നു 11 ലക്ഷം രൂപയും ഈ കുടുംബം പലിശയ്ക്കു വാങ്ങിയിരുന്നു. ഇതില്‍ ആറര ലക്ഷം വാങ്ങിയ ഇനത്തില്‍ പലിശ സഹിതം 36 ലക്ഷം രൂപ മടക്കി നല്കുകയു ം ചെയ്തിരുന്നു.
മറ്റുള്ളവര്‍ക്കു മുതലും പലിശ ഭാഗികമായും മടക്കി നല്‍കിയിരുന്നു. എന്നിട്ടും സംഘം നിരന്തരം ഈ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായാണു പരാതി. സെക്യൂരിറ്റിക്കായി നല്‍കിയിരുന്ന ചെക്ക് ഉപയോഗിച്ചു തലശേരി കോടതിയില്‍ യുവതിക്കെതിരെ ബ്ലേഡ് മാഫിയ കേസും നല്‍കിയിട്ടുണ്ടെന്നു പറയുന്നു.
സ്കൂള്‍ അധ്യാപിക ഉള്‍പ്പെടെയുള്ള ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി സഹിക്കാന്‍ സാധിക്കാത്തിതിനെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീണഷിയെ തുടര്‍ന്നു യുവതി മുമ്പ് രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ന്യൂ മാഹി പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.