കൊഴിഞ്ഞാന്പാറ: ദീപാവലി അടുത്തു വരുന്നതോടെ കൊഴിഞ്ഞാന്പാറ ഫർക്കയിലേക്ക് തമിഴ്നാട്ടിൽ നിന്നുംകൊള്ള പലിശക്കാരുടെ വരവു തുടങ്ങി. വടകരപ്പതി, എരുത്തേന്പതി, കൊഴിഞ്ഞാന്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലെ തമിഴ് കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പലിശ സംഘമെത്തുന്നത്
. കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതു മുതൽ ദീർഘനാൾ തൊഴിൽരഹിതരെന്നതിനാൽ സാന്പത്തികമായും തകർച്ചയിലാണെന്ന കണക്കുകൂട്ടലിലാണ് തമിഴ് പലിശ സംഘം അതിർത്തി കടന്നെത്തുന്നത്. ചിറ്റൂർ നിയോജക മണ്ഡലത്തിൽ തമിഴ് കുടുംബങ്ങൾ കൂടുതലായുണ്ട്.
തമിഴ് വംശജരുടെ പ്രധാന ഉത്സവമായ ദീപാവലിയും തൈപൊങ്കലും കേരളത്തിന്റെ അതിർത്തി ജില്ലകളായ പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിൽ താമസിക്കുന്ന തമിഴ് കുടുംബങ്ങളും വിപുലമായി തന്നെ ആഘോഷിച്ചു വരുന്നുണ്ട് .
കോയന്പത്തൂർ, പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങളിലാണ് വായ്പ നൽകുന്ന സംഘം എത്തികൊണ്ടിരിക്കുന്നത്. മുൻ കാലങ്ങളിൽ പാന്റ്സും ഷർട്ടും ധരിച്ചെത്തിയിരുന്നവർ ഇത്തവണ മുണ്ടും ഷർട്ടും ധരിച്ചാണെത്തുന്നത്.
കേരളത്തിൽ പോലീസിന്റെ കുബേര ആക്ട് നിലവിലുള്ളതിനാലാണ് പലിശ സംഘം തിരിച്ചറിയാതിരിക്കാൻ വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കുബേര ആക്ട് നിലവിൽ വന്നതോടെ താലൂക്കിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ പോലീസ് കൊള്ള പലിശ സംഘത്തെ നിരീക്ഷണം നടത്തി വരുന്നുമുണ്ട്.
നിർധന കുടുംബങ്ങളിലെ വീട്ടമ്മമാരെ കേന്ദ്രീകരിച്ച് 1000 മുതൽ 5000 വരെയാണ് വായ്പ നൽകുന്നത്. ഈ സംഖ്യയുടെ അഞ്ചു ശതമാനം പിടുത്തം കഴിച്ചാണ് വായ്പ അനുവദിക്കുന്നത്. പണം വായ്പ നൽകുന്നത് സംബന്ധിച്ച് മറ്റുള്ളവർക്ക് വിവരം നൽകിയാൽ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും.
തമിഴ് പലിശ സംഘത്തിനു സഹായത്തിനായി ചില യുവാക്കളും രംഗത്തുണ്ട്. ഇവർ പോലീസ് പട്രോളിംഗ് മനസിലാക്കി പലിശക്കാർക്കു മുന്നറിയിപ്പ് നൽകി സഹായിക്കാറുണ്ട്. ഇത്തരം യുവാക്കൾക്കായി തമിഴ്നാടു മദ്യവും പതിവായി എത്തിച്ചു നൽകുന്നുമുണ്ട്.
ഇനി രണ്ടാഴ്ച മാത്രമാണ് ദീപാവലി മഹോത്സവത്തിനുള്ളത്. ഈ സമയം പണമിടപാടുകൾക്ക് കൂടുതൽ ഉചിതം എന്ന നിഗമനത്തിലാണ് തമിഴ് സംഘം അതിർത്തി താലൂക്കിൽ കച്ചവടം പിടിമുറുക്കുന്നത്.