കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഭവത്തിൽ മുഖ്യപ്രതി മഹാരാജ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചതായി പോലീസ്. ഒളിവിൽ കഴിഞ്ഞുവന്ന പ്രതി ദിവസങ്ങൾക്കുമുന്പാണു ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജി 11ന് ഹൈക്കോടതി പരിഗണിച്ചശേഷംമാത്രമേ തുടർ നടപടികൾ ഉണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കി.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകൻ മുഖേനയാണു മഹാരാജ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നാണു വിവരം. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മഹാരാജ. ഇയാൾ മുഖാന്തിരം കോടികളുടെ പണമിടപാടാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവന്നിരുന്നത്. പള്ളുരുത്തിയിൽനിന്നു കൊള്ളപലിശയ്ക്കു പണം കൈമാറുന്ന സംഘം പിടിയിലായതോടെയാണ് അന്വേഷണം മഹാരാജയിലെത്തിയത്.
ഇയാളെ പിടികൂടുന്നതിനായി പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും നാളുകൾക്കുമുന്നേ ചെന്നൈയിലെത്തിയിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മഹാരാജ സ്ഥലത്തുനിന്നും മുങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്നു സംഘം തിരികെയെത്തി മറ്റ് രീതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണു മഹാരാജ ഹൈക്കോടതിയെ സമീപിച്ചതെന്ന് മട്ടാഞ്ചേരി എസിപി എസ്. വിജയൻ പറഞ്ഞു.
കേസിൽ ഇടനിലക്കാരൻ ഉൾപ്പെടെ നാലുപേരെയാണു ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതുമായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) ഇടനിലക്കാരനായി പ്രവർത്തിച്ചുവന്നിരുന്ന ഏറ്റുമാനൂർ സ്വദേശി ബാബു എന്നിവരാണു പിടിയിലായിരുന്നത്.
ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മഹാരാജയെത്തേടി പോലീസ് ചെന്നൈയിലേക്കു തിരിച്ചത്. എന്നാൽ, പോലീസ് അന്വേഷിക്കുന്നതായ വിവരം അറിഞ്ഞ മഹാരാജ ചെന്നൈയിൽനിന്നു മുങ്ങുകയായിരുന്നു.