തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്നാരോപിച്ച് വീട്ടമ്മയെ പലിശക്കാരിയും ബന്ധുക്കളും ചേർന്ന് അഞ്ചു മണിക്കൂർ പൂട്ടിയിട്ടതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ബഥേൽ ഭവനിൽ ബിന്ദുവിനെയാണ് പലിശക്കാരിയും ബന്ധുക്കളും ചേർന്ന് പൂട്ടിയിട്ടതായി മാരായമുട്ടം പോലീസിന് പരാതി നൽകിയത്.
വീട്ടമ്മയുടെ പരാതിയിൽ പോലീസ് നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എയ്തുകൊണ്ടാംകാണി മാങ്കോട്ട്കോണം സ്വദേശികളായ അനു, അജി, പൂവാർ സ്വദേശി വിപിൻദാസ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
2012 ൽ യശോദയുടെ കൈയിൽ നിന്ന് 30000 രൂപ ബിന്ദു വാങ്ങിയിരുന്നു. മാസം 1800 രൂപ പലിശ നൽകേണ്ടിയിരുന്ന ബിന്ദു ആദ്യം തുക കൃത്യമായി അടച്ചിരുന്നെങ്കിലും ഭർത്താവിന്റെ മരണശേഷം ഇതിനു മുടക്കമുണ്ടായി. പല തവണ തുക തിരികെ നൽകാനായി ബിന്ദുവിനെ യശോദ ഭീഷണിപ്പെടുത്തി. പലിശയടക്കം 135000 രൂപ നൽകാനുണ്ടെന്ന് പറഞ്ഞ് തന്റെ ഏഴു സെന്റ് ഭൂമിയുടെ അസൽ പ്രമാണം യശോദ വാങ്ങിയതായും ബിന്ദു പറഞ്ഞു.
തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ യശോദയുടെ വീട്ടിൽ ബിന്ദു എത്തി. ഏഴു സെന്റ് ഭൂമി പതിച്ച് നൽകണമെന്ന് യശോദ ആവശ്യപ്പെട്ടു. എന്നാൽ ബിന്ദു അതിന് തയാറാകാതെ വന്നതോടെ യശോദയുടെ വീടിന്റെ മുൻ വാതിൽ അടച്ച് ബിന്ദുവിനെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് അഞ്ചു മണിക്കൂറിന് ശേഷം മാരായമുട്ടം പോലീസെത്തിയാണ് ബിന്ദുവിനെ മോചിപ്പിച്ചത്.