വണ്ണപ്പുറം: പഞ്ചായത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ബ്ലേഡ് മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. വട്ടിപ്പലിശക്കാരായ സംഘങ്ങൾ വീട്ടമ്മമാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത.് ഇവർക്ക് പണം നൽകി കൂടിയ പലിശ നിരക്ക് ഈടാക്കും. പതിനായിരം രൂപ നൽകിയാൽ പന്ത്രണ്ട് ആഴ്ചകൾ കൊണ്ട് പന്ത്രണ്ടായിരം തിരികെ നൽകണമെന്നാണ് ഇവരുടെ നിബന്ധന. പണം പലിശയ്ക്ക് എടുക്കുന്പോൾ ഒരു കാർഡും ഇവർ നൽകും. ഈ കാർഡിന് ഫീസായി 125 രൂപയും ഇടാക്കും.
ശനിയാഴ്ച തോറും ഇവർ ഇരുചക്രവാഹനങ്ങളിലെത്തിയാണ് വീടുകളിൽ നിന്നും പണം പിരിക്കുന്നത്. നേരത്തെ ഇത്തരത്തിൽ വ്യാപകമായ തോതിൽ തമിഴ്നാട് സംഘങ്ങൾ ഇവിടെയെത്തി പണപ്പിരിവു നടത്തിയിരുന്നു. പിന്നീട് കുബേരക്കേസുകളുടെ പേരിൽ പോലീസ് നടപടി ശക്തമായതോടെയാണ് ഇവരുടെ എണ്ണം കുറഞ്ഞത്.
ഇപ്പോൾ തുണിക്കച്ചവടത്തിന്റെ മറവിലാണ് പണം തട്ടിപ്പ്. ഇൻസ്റ്റാൾമെന്റ് തുണി കച്ചവടമെന്ന പേരിലാണ് ബ്ലേഡ് മാഫിയകൾ പണമിടപാടുകൾ നടത്തുന്നത്. പണം പിരിക്കാൻ വരുന്പോൾ ഇവരുടെ വാഹനത്തിനു പിന്നിൽ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനായി തുണി കെട്ടി വച്ചിരിക്കും.
സാധാരണക്കാർ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ബിസിനസ് പ്രധാനമായും നടത്തുന്നത്. വണ്ണപ്പുറത്തും സമീപ പ്രദേശങ്ങളായ കോടിക്കുളം, കരിമണ്ണൂർ, ഉടുന്പന്നൂർ എന്നീ പഞ്ചായത്തുകളിലും വൻ തുകകൾ ഉയർന്ന പലിശയ്ക്ക് ബ്ലേഡ് മാഫിയകൾ നൽകുന്നുണ്ട്. ഇവർ പണപിരിവിന് വരുന്പോൾ പണം കൊടുത്തില്ലെങ്കിൽ അയൽ വീട്ടുകാരുടെ മുന്പിൽ വച്ച് അധിക്ഷേപിക്കുകയും അസഭ്യ വാക്കുകൾ പറയുകയും ചെയ്യും.
കൂടാതെ എഴുതാത്ത വെള്ള പേപ്പറുകളിൽ സ്റ്റാന്പ് ഒട്ടിച്ച് ഒപ്പിട്ട് വാങ്ങുകയും ചെയ്യും. കാലവർഷ കെടുതി മൂലം സർവതും തകർന്നിരിക്കുന്ന സമയത്ത് പോലും ബ്ലേഡ് മാഫിയ വളരെ ക്രൂരമായാണ് പണം പലിശയ്ക്കെടുക്കുന്ന വീട്ടമ്മമാരോട് പെരുമാറുന്നത്.
പണം നൽകാൻ സാധിക്കാത്ത അവസ്ഥയിൽ ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം മൂലം പല വീട്ടമ്മമാരും അപമാനഭാരത്താൽ ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുകയാണ്. ഇവരുടെ അക്രമത്തിനെതിരേ പോലീസിൽ പരാതി നൽകിയിട്ടും, യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നും ആരോപണമുണ്ട്.
കൂടാതെ ഈ മേഖലകളിൽ പല സ്വകാര്യ വ്യക്തികളും പണം കടം കൊടുത്തിട്ട് തിരികെ കിട്ടാതെ വരുന്പോൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുന്നതായും പരാതികൾ ഉണ്ട്. ബ്ലേഡ് മാഫിയകൾക്കെതിരേ കടുത്ത നിയമ നടപടികൾ എടുക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇവർക്കെതിരേയുള്ള പരാതികളിൽ അധികാരികൾ നിസംഗത പാലിക്കുകയാണ്.