തിരൂർ: അന്ധനായ വ്യക്തിയിൽ നിന്ന് അമിത തുക ഈടാക്കുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ നടപടി. തിരൂർ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ മീനടത്തൂർ സ്വദ്ദേശി മഹേഷിന്റെ ലൈസൻസ് തിരൂർ എംവിഐ സാജു എ.ബക്കർ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തിരൂരിൽ ട്രെയിനിറങ്ങിയ പെരുവഴിയന്പലം സ്വദേശി ഷൗക്കത്തിൽ നിന്ന് അമിത തുക ഭീഷണിപ്പെടുത്തി വാങ്ങുകയും പരാതി കൊടുക്കാൻ വെല്ലുവിളിക്കുകയുമായിരുന്നുവെന്ന പരാതിയിലാണ് കർശന നടപടി. ഷൗക്കത്ത് തിരൂർ പോലിസിൽ പരാതി നൽകിയിരുന്നു.
നാലു പേരും അന്ധരായ കുടുംബത്തിലെ ഇരുകണ്ണുകൾക്കും കാഴ്ച്ചയില്ലാത്ത കുടുംബനാഥനായ ഷൗക്കത്തിൽ നിന്ന് കൂടുതൽ കൂലി ഈടാക്കിയ ഓട്ടോഡ്രൈവർക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ശക്തമായ നടപടിയുണ്ടായത്.
തിരൂർ എംവിഐമാരായ സാജു എ.ബക്കർ, എം.ഐ.ആരിഫ് എന്നിവർ പരാതിക്കാരന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയും ഓട്ടോ ഡ്രൈവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്ത ശേഷമാണ് നടപടി സ്വീകരിച്ചത്.