പാലാംകടവ്: മറവൻതുരുത്ത് പാലാംകടവ് നിവാസികളുടെ പ്രിയങ്കരിയായ കറുപ്പും വെളുപ്പും കലർന്ന ബ്ലാക്കിയെന്ന നായ അസുഖബാധിതയായി വേദനയിൽ പുളയുന്നത് നാട്ടുകാരുടെ ഉള്ളുലയ്ക്കുന്നു.
പാലാംകടവിന്റെ കാവൽക്കാരിയായി നിലകൊള്ളുന്ന ബ്ലാക്കിയുടെ വയറിനു പുറത്തു വളർന്ന മുഴയാണ് നായയെ വേദനയിലാഴ്ത്തുന്നത്.
മറവൻതുരുത്ത് പാലാംകടവിൽ രണ്ട് വർഷം മുന്പാണ് ബ്ലാക്കി എത്തിയത്. വളരെ പൊടുന്നനെ പാലാംകടവ് നിവാസികളുടെ ഓമനയായി മാറിയ ബ്ലാക്കി സദാസമയവും ജംഗ്ഷനിൽ ചുറ്റിപ്പറ്റി നാടിന്റെ കാവൽക്കാരിയുടെ റോളാണ് ഏറ്റെടുത്തിരുന്നത്.
ആരെയും ഉപദ്രവിക്കാതെ പാലാംകടവുകാരുടെ ദേഹത്ത് തട്ടിമുട്ടിനിന്ന് വാൽ ഇളക്കി അനുസരണ കാട്ടുന്ന ബ്ലാക്കിക്ക് ഭക്ഷണം നൽകാൻ പാലാംകടവ് നിവാസികളും വ്യാപാരികളും ഏറെ താത്പര്യമാണ് കാട്ടുന്നത്.
ശരീരത്തിൽ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന മുഴ ഉണ്ടാക്കുന്ന വേദനയുടെ ദൈന്യം ബ്ലാക്കിയുടെ കണ്ണുകളിൽ നിഴലിക്കുന്നത് നാട്ടുകാരെയും നൊന്പരപ്പെടുത്തുകയാണ്.
ഇപ്പോൾ നായയ്ക്ക് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. കുറച്ചു ദിവസങ്ങൾകൂടി കഴിഞ്ഞാൽ മുഴയുടെ ഭാരം മൂലം ബ്ലാക്കി തീർത്തും നടക്കാനാവാതെ കിടപ്പിലാകുമെന്ന സ്ഥിതിയിലാണ്.
ദേഹത്തെ മുഴ നീക്കി ബ്ലാക്കിക്ക് കഠിനവേദനയിൽനിന്നു മോചനം നൽകാൻ മൃഗസംരക്ഷണ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നു പാലാംകടവ് നിവാസികൾ ആവശ്യപ്പെട്ടു.