മലപ്പുറം: തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. രോഗബാധ തലച്ചോറിലേക്ക് പടരുന്നത് തടയാൻ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
തിരൂർ ഒഴൂർ സ്വദേശിയായ അബ്ദുൾഖാദർ എന്ന 62 കാരനാണ് കോവിഡ് ബാധയെ തുടർന്ന് ബ്ലാക്ക് ഫംഗസ് ബാധയുണ്ടായത്.
കോവിഡ് ബാധിച്ച് ഇയാളെ കഴിഞ്ഞ മാസം 25 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയയും പിടിപെട്ടെങ്കിലും രോഗം ഭേദമായി മേയ് മൂന്നിന് വീട്ടിൽ തിരിച്ചെത്തി സന്പർക്ക വിലക്കിൽ കഴിയുകയായിരുന്നു.
ഇതിനിടെ കാഴ്ചമങ്ങുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനയിൽ ബ്ലാക്ക് ഫംഗസ് ബാധയേറ്റതായി കണ്ടെത്തുകയായിരുന്നു.
വിദഗ്ധ ചികിൽസക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് മേയ് ഏഴിന് ശസ്ത്രക്രിയയിലൂടെ കണ്ണ് എടുത്തുമാറ്റേണ്ടി വന്നു.
ഫംഗസ് ബാധ തലച്ചോറിനെ ബാധിക്കാതിരിക്കാൻ കണ്ണുനീക്കം ചെയ്യാതെ നിവൃത്തിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പ്രമേഹ രോഗബാധിതനായ അബ്ദുൾഖാദറിന് ഒരാഴ്ച കൂടി ചികിൽസയിൽ കഴിയണം. ശസ്ത്രക്രിയയ്ക്കും മറ്റു ചെലവുകൾക്കുമായി ഇതിനകം ആറര ലക്ഷം രൂപ ചെലവായതായി മകൻ പറഞ്ഞു.