കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍കോളജില്‍ ഇന്നലെ ഒരാള്‍ക്കുകൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി. നാലു സ്ത്രീകളും ആറു പുരുഷന്മാരുമാണ് ചികിത്സയിലുള്ളത്.
ഇതില്‍ ഒരു സ്ത്രീ തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ 55 വയസുകാരിയാണ്. പയ്യാനക്കല്‍ ഭാഗത്തെ 58 വയസുള്ള സ്ത്രീയും ചികിത്സയിലാണ്.
ഇരിങ്ങല്ലൂര്‍ സ്വദേശി (45),മലപ്പുറം പള്ളിക്കല്‍ സ്വദേശി (52), മലപ്പുറം ചെറുവായൂര്‍ സ്വദേശി (36), മാമ്പറ്റ സ്വദേശി (55) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഇവര്‍ക്ക് പുറമേ രണ്ടുപേര്‍ കൂടി ചികിത്സയിലുണ്ട്. ഇതില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരുടെ ശസ്ത്രക്രിയ നടത്തി. മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ആറു മാസത്തിനിടെ ബ്ലാക്ക് ഫംഗസ് (മ്യൂകര്‍ മൈകോസിസ്) ബാധയെത്തുടര്‍ന്നു നാലു പേരെയാണ് പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട നിലയില്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നു. അതേസമയം ഇവര്‍ നേരത്തേ കോവിഡ് ബാധിതരാണെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ കാരണമാണ് രോഗം ബാധിക്കുന്നത്.
പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തേയും തലച്ചോറിനേയും വരെ ബാധിക്കാന്‍ സാധ്യതയേറെയാണ്.
കാഴ്ച നഷ്ടമാവാനും പക്ഷാഘാതത്തിനും മരണത്തിനും വരെ ഇത് കാരണമായേക്കാം. അതേസമയം കോവിഡ് അനന്തരം ഉണ്ടാവുന്ന രോഗങ്ങള്‍ക്ക് കൃത്യസമയത്ത് തന്നെ ചികിത്സ തേടിയാല്‍ രോഗം മാറ്റാനാവും.
ബ്ലാക്ക് ഫംഗസ് പടരുന്ന രോഗമല്ല. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, അര്‍ബുദരോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്.
ലക്ഷണങ്ങള്‍
മുഖത്തിന്റെ ഒരു ഭാഗം മാത്രമുള്ള വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവും. മൂക്കില്‍ നിന്ന് കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, തലവേദന, പനി, പല്ലുവേദന, പല്ലുകൊഴിയല്‍, താടിയെല്ലിനു വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന എന്നിവയാണ് പൊതുലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ ഇഎന്‍ടി ഡോക്ടര്‍മാരുടെ ചികിത്സ തേടണം.
ശ്രദ്ധിക്കേണ്ടത്
കോവിഡിനെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മൂക്കില്‍ കറുത്ത പാടുകള്‍ ഉണ്ടോയെന്നു ഇടയ്ക്കിടെ നോക്കണം.
തുടക്കത്തില്‍ തന്നെ ഇതു കണ്ടെത്തിയില്ലെങ്കില്‍ രക്തഓട്ടം കുറഞ്ഞ് കവിളുകള്‍ ഉള്‍പ്പെടെ കറുത്ത നിറമാകും. കോവിഡ് ബാധിതരുടെ മൂക്കിനു അകത്തു കറുപ്പുണ്ടോയെന്നും പരിശോധിക്കണം.