ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ ഫിഷ്ലാൻഡിംഗ് സെന്റർ തകർച്ചയുടെ വക്കിൽ. എംപി ഫണ്ട് ഉപയോഗിച്ച് 20 വർഷം മുന്പ് നിർമിച്ച ബ്ലാങ്ങാട് ബീച്ചിലെ പഴയ ഫിഷ്ലാൻഡ് സെന്ററാണ് ഭീഷണിയിൽ നിൽക്കുന്നത്.
ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കും വിശ്രമത്തിനും മത്സ്യകച്ചവടത്തിനും എത്തുന്നവർക്ക് ഭീഷണിയാണ് പഴയ ലാൻഡ് എന്ന് തീരവാസികൾ പറയുന്നു.
ഫിഷ്ലാൻഡിംഗ് സെന്ററിന്റെ വാർപ്പിൽനിന്നും തൂണുകളിലും നിന്ന് കോണ്ക്രീറ്റ് അടർന്നുവീഴുകയാണ്. പ്രധാന വാർപ്പ് ഭാഗവും അപകടസ്ഥിതിയിലാണ്. മേൽക്കൂരക്കും തൂണുകൾക്കും ബലക്ഷയം വന്നതോടെ ഏതു സമയത്തും വീഴാവുന്ന അവസ്ഥയിലാണ്.
കെട്ടിടത്തിന്റെ മുകളിൽ വീഴുന്ന വെള്ളം മുഴുവനായി ഒഴുകിപ്പോകാത്തതാണ് തകർച്ചക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. അപകടസ്ഥിതിയിലായ ഫിഷ്ലാൻഡിംഗ് സെന്റർ പൊളിച്ചുനീക്കി ആധുനികരീതിയിലുള്ള സെന്റർ നിർമിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.