തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും ബ്ലേഡ് മാഫിയ തട്ടിയെടുത്തു. പൈതൃക നഗരിയില്‍ ആദ്യമായിട്ടുയര്ന്ന വടക്കേ മലബാറിലെ അതിപ്രശസ്തരായിരുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിത നീക്കത്തിലൂടെ തട്ടിയെടുത്തിട്ടുള്ളത്.
വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 50 ലക്ഷം രൂപയ്ക്ക് സെക്യൂരിറ്റിയായി നല്കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന് ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ചത്. 14 സ്ഥലത്ത് കോടികള്‍ ലഭിക്കാനുണ്ടെന്ന് വരുത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ നിന്നും അറസ്റ്റ് വാറണ്ട് സംഘടിപ്പിച്ചു. ഈ അറസ്റ്റ് വാറണ്ട് കാണിച്ച് ഡോക്ടര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ കോടികള്‍ വില വരുന്ന സ്വത്തുകള്‍ തട്ടിയെടുക്കുകയായിരുന്നു.
ഒടുവില്‍ ഡോക്ടര്‍ ദമ്പതികളെ വീട്ടില്‍ നിന്നും കെട്ടിടത്തില്‍ നിന്നും ഇറക്കി വിട്ടു. തിരുവിതാകൂറിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങളായ ഡോക്ടര്‍ ദമ്പതിമാര്‍ ഒടുവില്‍ തങ്ങളുടെ സ്വപ്ന ഭവനം പോലും ഉപേക്ഷിച്ച് അഗതി മന്ദിരത്തിലും ലോഡ്ജ് മുറിയിലും താമസിച്ച് സര്‍വ്വവും നഷ്ടപ്പെട്ട് അന്ത്യശ്വാസം വലിച്ചു. ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥ അടുത്ത നാളുകളിലാണ് പുറംലോകം അറിഞ്ഞത്. കൊള്ളപ്പലിശക്കാരന് ഏതാനും നാളുകള്‍ക്ക് മുമ്പ് മരണമടഞ്ഞിരുന്നു.
മരണമടയുന്നതിന് മുമ്പ് തയാറാക്കിയ വില്പത്രത്തില് ക്രൂരമായ തട്ടിപ്പിലൂടെ സ്വന്തമാക്കിയ സ്വത്ത് രണ്ട് പെണ്മക്കള്ക്ക് മാത്രമായി വീതിച്ച് കൊടുക്കാന്‍ ശ്രമിച്ചതിനെ ഏക മകന് എതിര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന വിവാദങ്ങളും ഡോക്ടര്‍ ദമ്പതികളുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണവുമാണ് നാട്ടുകാരെ ഞെട്ടിച്ച കൊള്ളപ്പലിശയുടെ കഥ പുറം ലോകം അറിയാന്‍ കാരണമായത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും ഡോക്ടര്‍ ദമ്പതികളുടെ മകന് രാഷ്ട്രദീപികയോട് പറഞ്ഞു.