ചാരുംമൂട് : അത്യാഹിതത്തിൽപ്പെട്ട അനേകം പേരുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുമായി വീഥികളിലൂടെ പാഞ്ഞ ഡ്രൈവർ ബ്ലസൻ ഇന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ സുമനസുകളുടെ കാരുണ്യം തേടുകയാണ്.ആംബുലൻസ് നിയന്ത്രണംവിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് പായിപ്പാട് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന സ്നേഹതീരം ആംബുലൻസ് ഡ്രൈവർ ചെങ്ങന്നൂർ കൊഴുവല്ലൂർ രാജുവില്ലയിൽ ബ്ലസൻകോശി (21)യുടെ ജീവൻ രക്ഷിക്കാനാണ് നാട്ടുകാരും സുമനസുകളും ഇപ്പോൾ കൈകോർത്തിരിക്കുന്നത്.
വിദഗ്ധ ചികിത്സയ്ക്കു പണമില്ലാതെ ബ്ലസന്റെനിർധന കുടുംബം ദുരിതത്തിലാണ്. അതിനാൽ ഈ കുടുംബത്തെ സഹായിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ബ്ലസന്റെ ജീവൻ രക്ഷിക്കാൻ ഇന്ന് അഞ്ചു സ്വകാര്യ ബസുകൾ നിരത്തുകളിൽ ഓടുകയാണ്.
ശ്രീഗണപതി ഗ്രൂപ്പിന്റെ അഞ്ചു സ്വകാര്യ ബസുകളാണ്ബ്ലസന്റെ ജീവൻ രക്ഷിക്കാനുള്ള കാരുണ്യ ദൗത്യം ഏറ്റെടുത്ത് ഇന്ന് നിരത്തിൽ സർവീസ് നടത്തുന്നത്. കായംകുളം -ചാരുമൂട് പത്തനംതിട്ട റൂട്ടിൽ മൂന്നു ബസും, പന്തളം -കരുനാഗപ്പള്ളി റൂട്ടിൽ ഒരു ബസും ചാരുംമൂട് -മാവേലിക്കര റൂട്ടിൽ ഒരു ബസുമാണ് കാരുണ്യ ദൗത്യവുമായി ഇന്ന് സർവീസ് നടത്തുന്നത്.
ഒരാഴ്ച മുന്പ് കായംകുളം -പുനലൂർ കെ പി റോഡിൽ കറ്റാനം വെട്ടിക്കോടിന് സമീപം വച്ചായിരുന്നു അപകടം. ബ്ലസൻ ഓടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബ്ലസനു ഗുരുതര പരിക്കേറ്റത് കൂടാതെ നഴ്സിംഗ് അസിസ്റ്റന്റ് ആലപ്പുഴ സ്വദേശി അമീർ(24 )നും പരിക്കേറ്റിരുന്നു