പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഒരു ഗ്രാമത്തിലെ പടക്ക ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഒരു യുവാവും സ്ത്രീയും പടക്കം അടുക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
മരിച്ച രണ്ടുപേരും ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. എന്നാൽ രണ്ട് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച രണ്ടുപേർ മാത്രമാണ് സ്ഫോടനം നടക്കുമ്പോൾ ഫാക്ടറിയ്ക്ക് അകത്ത് ജോലി ചെയ്തിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
നിരവധി പടക്കങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ അവിടെ ഉണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടായിരിക്കാം സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടശേഷം ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കായ് പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഫാക്ടറി നിയമപരമോ നിയമവിരുദ്ധമോ ആയ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുകയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.