ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത്

sp-blasters

കൊച്ചി: ഐഎസ്എല്‍ ഹോംമാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നു നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കിക്കോഫ്. ഗോവയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മത്സരം 2–1ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു ബ്ലാസ്‌റ്റേഴ്‌സ്.

ഈ സീസണില്‍ ചെന്നൈയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റത്തിനു ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റെരാസിക്കു സസ്‌പെന്‍ഷന്‍ നേരിടേണ്ടിയും വന്നിരുന്നു. കഴിഞ്ഞ ഗോവയ്‌ക്കെതിരായ കൊച്ചിയിലെ മത്സരത്തിലും സംഘര്‍ഷഭരിതമായ മൂഹൂര്‍ത്തങ്ങളിലൂടെയാണു ബ്ലാസ്‌റ്റേഴ്‌സ് കടന്നുപോയത്. അതുകൊണ്ടുതന്നെ വളരെ ശാന്തമായ കളി വേണമെന്നാണു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ കളിക്കാര്‍ക്കു നല്കിയിരിക്കുന്ന നിര്‍ദേശം.

പതിനൊന്നു പേര്‍ക്കെതിരെ 10 പേരുമായി കളിക്കേണ്ടിവരുന്നത് അത്ര സുഖകരകമല്ലെന്നു കോപ്പല്‍ പറഞ്ഞു. അച്ചടക്കമാണു പ്രധാനം. എല്ലാ മത്സരത്തിലും കളിക്കാര്‍ക്ക് ഇതൊരു പാഠം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമിഫൈനല്‍ ഉറപ്പാക്കുന്നതുവരെ ടീമിനു വിശ്രമം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ഗെയിമും വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. പുതിയ വെല്ലുവിളികളെ നേരിടേണ്ടിവരും. ഈ സീസണില്‍ അട്ടിമറികളുടെ തുടര്‍ച്ചയാണു കാണുന്നത്. ഒരു ടീമും ശക്തന്മാരെന്നു പറയാനാവില്ല. എല്ലാ ടീമുകള്‍ക്കും എതിരാളികളെ തോല്‍പ്പിക്കാനുള്ള ശക്തിയുണ്ട്. അതുകൊണ്ടുതന്നെ ഒരു മത്സരവും അനായാസമായി ജയിക്കാമെന്നു കണക്കുകൂട്ടരുത്. എല്ലാ മത്സരത്തിലും പൂര്‍ണമായ ഒരുക്കത്തോടെ മാത്രമേ കളിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിന്‍ എഫ്‌സിയാകട്ടെ 1–4നു ഡല്‍ഹിയോടു തോറ്റതിന്റെ നിരാശയിലാണ്. അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് നടത്തണമെങ്കില്‍ ഇന്ന് അവര്‍ക്കു ജയിച്ചേ മതിയാകൂ.

Related posts