ബിബിന്‍ ബാബു
കൊച്ചി: കൊടികയറിയ ആവേശത്തിനു ഇത്തവണയും വിജയം കൊണ്ടു തിലകക്കുറി കുറിക്കാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ല. മഞ്ഞപ്പടയുടെ ഗോള്‍ മേളം കാണാന്‍ നിറഞ്ഞു കവിഞ്ഞ കൊച്ചിയെ നിരാശയിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍രഹിത സമനില. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കൊച്ചിയെ പുളകം കൊള്ളിച്ച സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തില്‍ വന്ന ജംഷഡ്പുര്‍ എഫ്സി വിജയത്തോളം വരുന്ന സമനിലയുമായി ബ്ലാസ്റ്റേഴ്സിനെ കുരുക്കിലിട്ടു.
സ്വന്തം സ്റ്റേഡിയത്തിന്റെ ആനുകൂല്യം മുതലാക്കാന്‍ രണ്ടു വട്ടവും സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിനു സ്വന്തം വിധിയെത്തന്നെ പഴിക്കാം. എടികെയോടു നിഷ്പ്രഭമായ ടീമില്‍നിന്നു ഉയര്‍ത്തെഴുന്നേറ്റു മികച്ച ഫുട്ബോള്‍ കളിക്കനായെങ്കിലും സ്കോര്‍ ഷീറ്റില്‍ ഹ്യൂമിനും സംഘത്തിനും ഗോള്‍ മാത്രം കുറിക്കാനായില്ല.
ദിമിതര്‍ ബെര്‍ബറ്റോവിനെ മിഡ്ഫീല്‍ഡിന്റെ ചുമതലയേല്‍പ്പിച്ച് ഇയാന്‍ ഹ്യൂമിനെ മുന്നേറ്റ നിരയില്‍ ഒറ്റയ്ക്കു നിര്‍ത്തിയാണു ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് റെനി മ്യൂലന്സ്റ്റിന് ടീമിനെ വിന്യസിച്ചത്. ബെര്ഫേര്ട്ട്, അസൂക്ക ഇസു എന്നീ ആഫ്രിക്കന്‍ താരങ്ങളെ ഇറക്കി ആക്രമണമാണു ലക്ഷ്യമെന്നു സ്റ്റീവ് കോപ്പലും ഉറപ്പിച്ചു.
ബെര്‍ബയുടെ ഉദയം ബ്ലാസ്റ്റേഴ്സിന്റെയും
കഴിഞ്ഞ കളിയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണു കളിക്കിറങ്ങിയതെന്നു ആദ്യ നിമിഷങ്ങളില്‍ത്തന്നെ നായകന് സന്ദേശ് ജിങ്കനും സംഘവും തെളിയിച്ചു. രണ്ടാം മിനിറ്റില്‍ കറേജ് പെക്കൂസണെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കോടെ ബ്ലാസ്റ്റേഴ്സാണു കളിക്കു ചൂടു പിടിപ്പിച്ചത്. കഴിഞ്ഞ കളി മനസിലുണ്ടായതു കൊണ്ടാവണം അത്ര ആരവമുയര്‍ത്താന്‍ ആദ്യ മിനിറ്റുകളില്‍ കാണികള്‍ തയാറായില്ല.
പക്ഷേ, പത്താം മിനിറ്റില്‍ മഞ്ഞപ്പട സീസണിലെ ആദ്യ മികച്ച നീക്കമെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍ ശ്രമം ജംഷഡ്പൂര്‍ ഗോള്‍ മുഖത്തു നടത്തി. റിനോ ആന്റോയില്നിന്നു വലതു വിംഗില്‍ ലഭിച്ച പാസില്‍ ഇയാന്‍ ഹ്യൂം സി.കെ. വിനീതിന്റെ തലപ്പാകത്തിനുള്ള ക്രോസ് പെനാല്‍റ്റി ബോക്സിനുള്ളിലേക്കു നല്കി. ഓടിയെത്തിയ മലയാളി താരം തലവച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പന്തു പറന്നു പോയി. ഇതോടെ ശങ്കിച്ചുനിന്ന മഞ്ഞപ്പടയുടെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് വിളികളാല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇടിമുഴക്കം തീര്‍ത്തു.
പതിനേഴാം മിനിറ്റില്‍ അലസനായ മാന്ത്രികന്റെ ഊഴമായിരുന്നു. ഇടതുവിംഗില്‍ ലാല്റുത്താരയുടെ ക്രോസില്‍ ശരീരം അല്പം വളച്ചു ഉയര്‍ന്നു പൊങ്ങി ബെര്‍ബറ്റോവ് അത്യൂഗ്രന്‍ ഷോട്ടു പായിച്ചെങ്കിലും ഒരുവിധം ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ സൂബ്രതോ പാല് പിടിച്ചുനിന്നു. മാഞ്ചസ്റ്ററിന്റെ ജഴ്സിയില്‍ കണ്ട അതേ ബെര്‍ബയെ ഒരുനിമിഷം കൊച്ചിയില്‍ കാണാനായി. ഇതോടെ ബ്ലാസ്റ്റേഴ്സ് ഫുള്‍ ഫോമിലായി. കറേജ് പെക്കൂസണെ കേന്ദ്രീകരിച്ചുള്ള മുന്നേറ്റങ്ങള്‍ നിരവധി പിറന്നു.