വാസ്കോ: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി കലിപ്പടക്കാം; മഞ്ഞയിൽ കുളിച്ചാടാം… ഇന്ത്യൻ സൂപ്പർ ലീഗിൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.
ഗോവയിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ 1-0ന് ഹൈദരാബാദിനെ തകർത്താണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കസേര വലിച്ചിട്ടിരുന്നത്. 2014നുശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ 42-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്ക്വെസാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം കുറിച്ച ഗോൾ നേടിയത്. ഹർമൻജ്യോത് ഖബ്രയുടെ ലോംഗ് ത്രോയിൽനിന്നാണ് ഗോളിന്റെ തുടക്കം.
ബോക്സിലേക്ക് ഉയർന്നുവന്ന ത്രോ മലയാളിതാരം സഹൽ സമദ് പിന്നിലേക്കു ഹെഡ് ചെയ്തു മറിച്ചുനൽകി. കാത്തുനിന്ന വാസ്ക്വെസ് ഒരു ഒന്നാന്തരം ഇടംകാൽ വോളിയിലൂടെ പന്ത് വലയിലാക്കി. താരത്തിന്റെ സീസണിലെ നാലാം ഗോൾ. രണ്ടാം പകുതിയിൽ ഹൈദാരാബാദ് ആക്രമണത്തിന്റെ മൂറച്ച കൂട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിക്കാനായില്ല.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. തുടർന്ന് ഒന്പത് മത്സരത്തിലും ബ്ലാസ്റ്റേഴ്സ് അപരാജിത കുതിപ്പ് തുടരുന്നു. അഞ്ചാം സ്ഥാനത്തുനിന്നാണ് ബ്ലാസ്റ്റേഴ്സ് 17 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. മുംബൈക്കും 17 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്ലാസ്റ്റേഴ്സ് ലീഗിന്റെ തലപ്പത്ത് ഇരിപ്പുറപ്പിച്ചു.