വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങുന്പോൾ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും കേരള ബ്ലാസ്റ്റേഴ്സ് സംതൃപ്തമാകില്ല. കാരണം, പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്തണമെങ്കിൽ ഈസ്റ്റ് ബംഗാളിനെതിരേ ജയം അനിവാര്യം.
14 മത്സരങ്ങളിൽനിന്ന് 23 പോയിന്റുമായി ആറാം സ്ഥാനത്താണ് മഞ്ഞപ്പട ഇപ്പോൾ. ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചു കഴിഞ്ഞു.
ജംഷഡ്പുരിനെതിരായ തോൽവിയോടെ രണ്ടാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ച് രണ്ടിൽ എത്തണമെങ്കിൽ ഈസ്റ്റ് ബംഗാളിനെതിരേ ചുരുങ്ങിയത് 3-0ന്റെ ജയം അനിവാര്യം.
പരിക്കും സസ്പെൻഷനും
ജംഷഡ്പുർ എഫ്സിക്കെതിരായ 3-0ന്റെ തോൽവിയുടെ ക്ഷീണം അകറ്റേണ്ടതും ബ്ലാസ്റ്റേഴ്സിന് ആവശ്യം. എന്നാൽ, ജംഷഡ്പുരിനെതിരായ മത്സരത്തിനു തൊട്ടു മുന്പ് നടന്ന പരിശീലനത്തിനിടെ പ്രിതരോധ താരം നിഷു കുമാറിനു പരിക്കേറ്റിരുന്നു.
മത്സരത്തിനിടെ പകരക്കാരനായെത്തിയ റൂയിവ ഹോർമിപാം ഗോളി പ്രഭ്സുഖൻ സിംഗ് ഗില്ലുമായി കൂട്ടിയിടിച്ച് വീണ് പരിക്കേറ്റു. മൂക്കിന്റെ പാലം ഒടിഞ്ഞ ഹോർമിപാം ശസ്ത്രക്രിയയ്ക്ക് വിധേയനായി.
പ്രതിരോധ താരങ്ങളായ ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച് എന്നിവർ സീസണിലെ നാലാം മഞ്ഞക്കാർഡിലൂടെ സസ്പെൻഷനിലാണ്.
ചുരുക്കത്തിൽ ഹോർമിപാം, ഖബ്ര, ലെസ്കോവിച്ച് എന്നീ പ്രതിരോധ താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ല. പ്രതിരോധ നിരയിലെ ഈ പ്രശ്നം ഇവാൻ വുകോമനോവിച്ച് എങ്ങനെ നേരിടും എന്നതാണ് പ്രധാനം.
നിഷു കുമാർ, രാഹുൽ
പരിക്കേറ്റ് ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹോർമിപാം ഒഴികെയുള്ള കളിക്കാർ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു തയാറാണെന്നാണ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് വെളിപ്പെടുത്തിയത്.
നിഷു കുമാർ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു. സീസണിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ മലയാളി താരം കെ.പി. രാഹുലും പരിശീലനത്തിനുണ്ട്.
എന്നാൽ, ഇരുവരെയും സാഹചര്യം അനുസരിച്ച് മാത്രമേ കളത്തിലിറക്കൂ എന്നും റിസ്ക് എടുത്താൻ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും വുകോമനോവിച്ച് പറഞ്ഞു.