കൊച്ചി: കലിപ്പടക്കാനും കപ്പടിക്കാനും വിജയിക്കണമെന്നുള്ള പാഠം ഗോവയില്‍നിന്നു പഠിച്ചതിന്റെ ഞെട്ടലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ നാലാം സീസണിലെ അഞ്ചാം പോരാട്ടത്തിനിറങ്ങുന്നു.
മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വിഷമിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യ മൂന്നു മത്സരങ്ങളും കളിക്കാനായതിന്റെ ആനുകൂല്യം മുതലാക്കാനാവാത്തതിന്റെ നിരാശയാണു ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നത്. അതിന്റെ കൂടെ ഗോവയില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന്റെ ഓര്‍മകളും ടീമിനെ തളര്‍ത്തുന്നു. കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി സീസണിലെ ആദ്യ വിജയം തേടിയാണു സന്ദേശ് ജിങ്കനും കൂട്ടരും വടക്കന്‍ ശക്തിയെ നേരിടാനിറങ്ങുന്നത്.
ഇത് എന്തു ടീം?
ഐഎസ്എല്‍ നാലാം സീസണ് ആരംഭിക്കുന്നതിനു മുന്‍പ് ആരെയും ഭയപ്പെടുത്തുന്ന ലൈനപ്പ് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. മുന്നേറ്റ നിരയില്‍ ദിമിതര്‍ ബെര്‍ബറ്റോവ് എന്ന ഇതിഹാസ താരം. ഒപ്പം ഐഎസ്എല്‍ ഹീറോ ഇയാന്‍ ഹ്യൂം, സി.കെ. വിനീത് എന്നിങ്ങനെ പേരുകേട്ട നീണ്ട നിര തന്നെയുണ്ടായിരുന്നു മഞ്ഞപ്പടയ്ക്ക്.
എന്നാല്‍, കോല്ക്കത്തയ്ക്കെതിരേയുള്ള ഉദ്ഘാടന മത്സരത്തില്‍ തുടങ്ങിയ ശനിദശ തുടര്ക്കാഴ്ചയാകുന്നതാണു പിന്നീട് കണ്ടത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ ടീമിനായില്ല. മൂന്നാം മത്സരത്തില്‍ ഗോള്‍ നേടിയെങ്കിലും സമനിലയുടെ കെട്ടുപൊട്ടിക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ഗോവയുടെ കടന്നാക്രമണങ്ങള്‍ പ്രതിരോധ കോട്ടയെ പിച്ചിച്ചീന്തിയപ്പോള്‍ പിറന്നതാകട്ടെ വന്‍ തോല്‍വിയും. ഇതോടെ ഇത് എന്തു ടീമെന്ന ചോദ്യമാണു കടുത്ത ആരാധകരില്‍നിന്നുപോലും ഉണ്ടാവുന്നത്.
മധ്യനിര ഇങ്ങനെ പോരാ
മധ്യനിരയില്‍ കളി നിയന്ത്രിച്ചു മികച്ച ആക്രമണങ്ങള്‍ മെനയുന്ന ഒരു താരത്തിന്റെ അഭാവമാണു ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നത്. മുന്നേറ്റ നിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ബെര്‍ബയെ ഇതു മൂലം മധ്യനിരയില്‍ കളിപ്പിക്കേണ്ടി വരുന്നതു ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.
ബെര്‍ബയുടെ നീക്കം മനസിലാക്കി ഒപ്പം നില്‍ക്കാനും മറ്റു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കു സാധുിക്കുന്നില്ല ജാക്കിചന്ദ് സിംഗിനു മാത്രമേ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. കറേജ് പെക്കൂസണ് മികച്ച സ്കില്ലുള്ള താരമാണെങ്കിലും പന്തു നിയന്ത്രിക്കുന്നതിലും ത്രൂ ബോളുകള്‍ നല്‍കുന്നതിലും പരാജയമാകുന്നു. ഇന്നു പരിക്കേറ്റ ബെര്‍ബ കളിക്കില്ലെന്ന് ഉറപ്പായതോടെ സെന്റര്‍ മിഡ്ഫീല്‍ഡില്‍ മഞ്ഞപ്പടയുടെ ആശങ്കകള്‍ വര്‍ധിക്കും.
സി.കെ. വിനീത് തിരിച്ചെത്തും
വിംഗിലേക്കു മലയാളി താരം സി.കെ. വിനീത് തിരിച്ചെത്തുന്നതു ബ്ലാസ്റ്റേഴ്സിനു ആശ്വാസം പകരുന്ന ഘടകമാണ്. മുംബൈ സിറ്റി എഫ്സിക്കെതിരേയുള്ള കളിയില്‍ പെനാല്‍റ്റിക്കു വേണ്ടി വാദിച്ചതിനു ചുവപ്പു കാര്‍ഡ് ലഭിച്ച വിനീതിനു കഴിഞ്ഞ കളിയില്‍ ഗോവയ്ക്കെതിരേ പുറത്തിരിക്കേണ്ടി വന്നിരുന്നു. മുംബൈക്കെതിരേ ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മികച്ച കളിയായിരുന്നു വിനീത് കാഴ്ചവച്ചത്. വിനീതിന്റെ അഭാവം ടീമിനെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇന്നു തിരിച്ചെത്തുമ്പോള്‍ ചുവപ്പു കാര്‍ഡിനു പ്രായശ്ചിത്തമായി ഗോള്‍ നേടി ടീമിനെ വിജയിപ്പിക്കാനുള്ള സ്വപ്നവുമായായിരിക്കും വിനീത് എത്തുക.
വടക്കന്‍ ശക്തിയെ തള്ളിക്കളയരുത്
നാലു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒന്നു വീതം ജയവും സമനിലയുമായി അത്ര മേന്മ അവകാശപ്പെടാനില്ലാതെയാണു നോര്‍ത്ത് ഈസ്റ്റ് കൊച്ചിയില്‍ കളിക്കിറങ്ങുന്നത്. പക്ഷേ, ലീഗില്‍ ഒരു കളിയെങ്കിലും ജയിച്ചതിന്റെ ആത്മവിശ്വാസം ഹാവോ കാര്‍ലോസ് ദേ ദിയൂസിന്റെ ടീമിനുണ്ട്.
അതുകൊണ്ടു തന്നെ വടക്കന്‍ ടീമിന്റെ ശക്തിയെ വില കുറച്ചു കണ്ടാല്‍ ബ്ലാസ്റ്റേഴ്സിനു വീണ്ടും അഗ്നിപരീക്ഷയായിരിക്കും നേരിടേണ്ടി വരിക. ബ്ലാസ്റ്റേഴ്സ് നിരയില്‍ വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും ടീമിലുണ്ടാവുമെങ്കിലും ആദ്യ ഇലവനില്‍ കളിക്കുമെന്ന് ഉറപ്പില്ല.
നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ടി.പി. രഹനേഷിന്റെ കാര്യവും അങ്ങനെയാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു ഏറെ താരങ്ങളുള്ള മഞ്ഞപ്പടയ്ക്കു സഹ പരിശീലകന് തംഗ് ബോയുടെ സാന്നിധ്യവും തുണയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ദ്വയങ്ങളായ മാര്‍ച്ചീനോ, ഡാനിലോ എന്നിവരും ഇന്ത്യന്‍ താരം റൗളിന് ബോര്ഹസുമാണു സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നണി പോരാളികള്‍. ഇരു ടീമുകളും പുത്തന്‍ തുടക്കം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ പോരിനു മൂര്‍ച്ച കൂടുമെന്നുറപ്പ്.