കൊച്ചി: കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനെതിരേ രണ്ട് ഗോളിനു മുന്നിട്ടുനിന്നശേഷം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആയിരുന്നില്ല ഇന്നലെ. മട്ടുംഭാവവും മാറിയ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരുത്തറിയിച്ച് മിന്നും ജയം സ്വന്തമാക്കി. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഞ്ഞപ്പട മറുപടിയില്ലാത്ത മൂന്നു ഗോളിന് ചെന്നൈയിൻ എഫ്സിയെ തുരത്തി. ആരാധകരെ ആവേശത്തിലാക്കി ഗംഭീര തിരിച്ചുവരാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. 23, 55 മിനിറ്റുകളിൽ മതേജ് പൊപ്ലാട്നിക്കും 71-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദുമാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. സഹലിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്.
ഇതോടെ 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ലീഗിൽ എട്ടാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിൻ എഫ്സി അവസാനസ്ഥാനത്തുതന്നെ തുടരുന്നു. പ്ലേഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും ബംഗളൂരു എഫ്സിക്കെതിരേയും ഇന്നലത്തെയും തകർപ്പൻ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
ഒരു മാറ്റം മാത്രം വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കാനിറങ്ങിയത്. പ്രതിരോധനിരയിലെ സൂപ്പർതാരം അനസ് എടത്തൊടിക ആദ്യഇലവണിൽ ഇടംപിടിച്ചു. ജനുവരിയിൽ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ ചേക്കേറിയ സി.കെ. വിനീത് ആദ്യ ഇലവണിലുണ്ടായിരുന്നു. പഴയ തട്ടകത്തിൽ എതിരാളിയായാണ് വിനീത് പന്തു തട്ടിയത്.
ബ്ലാസ്റ്റേഴ്സിന്റെ മൂന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. മൂന്നാം മിനിറ്റിൽ ജിങ്കനിൽ നിന്നും ലഭിച്ച ബോൾ മികച്ച ഒരു ഷോട്ടിലൂടെ ദുംഗൽ ഗോളാക്കാൻ ശ്രമിച്ചെങ്കിലും പാഴായി. അഞ്ചാം മിനിറ്റിൽ ചെന്നൈയിന്റെ ഗോൾ ശ്രമം. ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്നായി പന്തുമായെത്തിയ ഫ്രാൻസിസ് ഫെർണാണ്ടസ് ബോക്സിനുള്ളിൽ നിന്നിരുന്ന ജെജെക്ക് പന്ത് നൽകി.
എന്നാൽ, ജിങ്കൻ ഇടയിൽ നിന്ന് പന്ത് തട്ടിയകറ്റി. ആറാം മിനിറ്റിൽ ദുംഗലിന്റെ ഫൗളിലൂടെ ചെന്നൈയിന് ഫ്രീകിക്ക് ലഭിച്ചു. 11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ ഗോൾമുഖം വിറപ്പിച്ചു. ബോക്സിനുള്ളിലേക്ക് കുതിച്ചെത്തിയ പൊപ്ലാട്നിക് തൊടുത്ത ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും പന്ത് സ്റ്റൊജനാവിക്കിന് ലഭിച്ചു.
ഹെഡറിലൂടെ ഇത് ഗോളാക്കാൻ ശ്രമിച്ചെങ്കിലും കരണ്ജിത് പന്ത്തട്ടിയകറ്റി.23-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിനൊടുവിൽ റാക്കിപിൽ നിന്നും പന്ത് ലഭിച്ച പെക്കൂസണ് തൊടുത്ത ലോ ക്രോസ് തടയുന്നതിൽ ചെന്നൈ ഗോളി കരണ്ജിത് സിംഗിന് പിഴച്ചു. പന്ത് ലഭിച്ചത് പൊപ്ലാട്നികിന്. മികച്ച ഒരു ഹെഡറിലൂടെ പൊപ്ലാട്നിക് പന്ത് വലയിലാക്കി.
രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പോടെയായിരുന്നു തുടക്കം. 52-ാം മിനിറ്റിൽ കിസിറ്റോയെ പിൻവലിച്ച് സിറിൽ കാലിയെ കോച്ച് ഗ്രൗണ്ടിലിറക്കി. 55-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. സ്റ്റൊജനാവിക് നൽകിയ പാസ് പൊപ്ലാട്നിക് ഗോളാക്കി. 67-ാം മിനിറ്റിൽ പെക്കൂസണെ പിൻവലിച്ച് നിക്കോള ക്രമരാവിച്ചിനെ ഗ്രൗണ്ടിലെത്തിച്ചു. 71-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. ചെന്നൈയിന്റെ പകുതിയിൽ നിന്ന് ദുംഗലിനൊപ്പം ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിനകത്തേക്ക് കയറിയ സഹൽ അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
-വി.ആർ. ശ്രീജിത്ത്