തകർന്നു തരിപ്പണമായെന്നു സകലരും വിധിയെഴുതിയതിൽനിന്നു കുതിച്ചുയർന്നു പറക്കുകയാണു കേരള ബ്ലാസ്റ്റേഴ്സ്. ഇന്നു വീണ്ടും കളത്തിലിറങ്ങുന്പോൾ വിജയഗാഥ തുടരാൻ തന്നെയാകും ടീമിന്റെ ലക്ഷ്യം.
മുൻ പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ജംഷഡ്പുരിനെ തളച്ചാൽ മഞ്ഞപ്പടയുടെ ഇപ്പോഴുള്ള ഉൗർജം പതിന്മടങ്ങായി വർധിക്കും. കൊച്ചിയിൽ നേരത്തേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. തോൽവികളിൽ മുങ്ങിത്താഴുന്നതിനിടെ പൂനയെ സമനിലയിൽ തളച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നുകർന്ന് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്.
പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തി നിൽക്കുന്പോൾ പ്ലേഓഫ് സാധ്യതകൾ ബ്ലാസ്റ്റേഴ്സിനു മുന്നിൽ തുറന്നിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിലും ഇതേ ഫോം തുടർന്നാൽ രണ്ടു വട്ടം വഴുതിപ്പോയ കിരീടം എത്തിപ്പിടിക്കാൻ സന്ദേശ് ജിങ്കനും സംഘത്തിനു സാധിക്കും. കേരളത്തേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ജംഷഡ്പുർ പത്തു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
ഭാഗ്യത്തിന്റെ അകന്പടി
തുടർച്ചയായി രണ്ടു മത്സരങ്ങൾ ജയിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ നിലവാരം ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. വിജയിച്ച മത്സരങ്ങൾ പരിശോധിച്ചാൽ എതിരാളികളുടെ പ്രകടനത്തിനടുത്തു പോലും മഞ്ഞപ്പട എത്തിയുമില്ല. ഡൽഹി ഡൈനാമോസ് മികച്ച രീതിയിൽ പന്തടക്കത്തോടെ കളിച്ചെങ്കിലും ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് രാജ്യതലസ്ഥാനത്തു കൊടി നാട്ടി. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരേ വിവാദത്തിന്റെ അകന്പടിയുള്ള ഗോളുമായി ജയിച്ചു കയറി. രണ്ടു കളികളിലും മികച്ച നീക്കങ്ങളും കളി നിയന്ത്രിച്ചതുമെല്ലാം എതിരാളികളാണ്. ഇതു ഡേവിഡ് ജെയിംസിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
ബ്രൗണ്-ജിങ്കൻ സഖ്യം
തിരമാല പോലെ മുന്നേറ്റങ്ങൾ എതിർ പാളയത്തിൽനിന്നു വരുന്പോഴും ബ്ലാസ്റ്റേഴ്സിനു പിടിച്ചു നിൽക്കാൻ സാധിക്കുന്നതു സെൻട്രൽ ഡിഫൻസിലെ സന്ദേശ് ജിങ്കൻ-വെസ് ബ്രൗണ് സഖ്യത്തിന്റെ കൂർമ ബുദ്ധികൊണ്ടാണ്. ത്രൂ ബോളുകൾ വരുന്പോൾ ഓഫ്സൈഡ് കെണിയൊരുക്കി വീഴ്ത്തുന്ന തന്ത്രം ഇരുവരും കളത്തിൽ ഭംഗിയായി നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം റിനോ ആന്റോയും ലാൽറുതാരയും ചേരുന്പോൾ മഞ്ഞപ്പടയും പ്രതിരോധം കെട്ടുറപ്പുള്ളതാകുന്നു. റിനോയ്ക്കു കഴിഞ്ഞ കളിയിൽ പരിക്കേറ്റപ്പോൾ എത്തിയ നെമാൻജ ലാകിക് പെസിക്കും ഉജ്വല ഫോമിലാണ്.
ഹ്യൂം മാത്രം
ബ്ലാസ്റ്റേഴ്സിനു വേണ്ടി മുന്നേറ്റ നിരയിൽ ആത്മസമർപ്പണത്തോടെ കളിക്കുന്നത് ഇയാൻ ഹ്യൂം മാത്രമാണ്. മധ്യനിരയിൽ നിന്നെത്തുന്ന പന്തിനെ ഹ്യൂമിനു ഗോളടിക്കാൻ പാകത്തിന് എത്തിച്ചു നൽകാനാണു കഴിഞ്ഞ കളിയിൽ മാർക്കോസ് സിഫ്നിയോസിനെ ചുമതലപ്പെടുത്തിയത്. എന്നാൽ, തീർത്തും മോശമായ പ്രകടനമാണ് ഹോളണ്ടിന്റെ യുവതാരത്തിൽനിന്നുണ്ടായത്.
കാലിൽ പന്തു കിട്ടിയപ്പോഴൊക്കെ ലക്ഷ്യ ബോധമില്ലാത്ത നീക്കങ്ങൾ നടത്തിയ സിഫ്നിയോസിനു പകരം രണ്ടാം പകുതിയിൽ സി.കെ. വിനീത് എത്തിയിരുന്നു. അതിനു ശേഷമാണു മഞ്ഞപ്പടയുടെ ആക്രമണങ്ങളിൽ കുറച്ചെങ്കിലും മൂർച്ച വന്നതും. മൈതാനത്ത് എവിടെയും ഓടിയെത്തി അവസരങ്ങൾ സൃഷ്ടിക്കുന്ന ഹ്യൂമേട്ടന്റെ കളിയുടെ പിൻബലത്തിലാണു മഞ്ഞപ്പട രക്ഷപ്പെട്ടു പോകുന്നത്.
എങ്കിലും, തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതും ഏവേ മത്സരങ്ങൾക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നതും കളിക്കാരെ ശാരീരികമായി തളർത്തിയിട്ടുണ്ട്. ഇനിയുള്ള കളികളിൽ റൊട്ടേഷൻ പോളിസി നടപ്പാകുമെന്നു ഡേവിഡ് ജെയിംസ് പറഞ്ഞത് ഇതു മുന്നിൽ കണ്ടാണ്.
കോപ്പലാശാന് ജയിക്കണം
കഴിഞ്ഞ സീസണിൽ ശരാശരിയായിരുന്ന ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച ചരിത്രമുള്ള സ്റ്റീവ് കോപ്പൽ എന്ന പരിശീലകന് ഇത്തവണ തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. ഒന്പതു മത്സരങ്ങളിൽനിന്നു രണ്ടു വിജയം മാത്രമാണു ജംഷഡ്പൂരിനു നേടാൻ സാധിച്ചത്. മൂന്നു തോൽവിയും നാലു സമനിലയുമായി എട്ടാം സ്ഥാനത്താണു ടീം ഇപ്പോൾ.
ഇന്നു വിജയം നേടി തിരിച്ചെത്താനായില്ലെങ്കിൽ പ്ലേഓഫ് സ്വപ്നങ്ങൾക്കു മങ്ങൽ വീഴുമെന്നു കോപ്പലാശാന് നന്നായി അറിയാം. ബ്ലാസ്റ്റേഴ്സിന്റെ മികവും പോരായ്മയും അടുത്തറിയുന്ന പരിശീലകൻ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞാകും ടിരിയെയും സംഘത്തെയും നിർണായക പോരാട്ടത്തിനിറക്കുക.
ബിബിൻ ബാബു