ഐഎസ്എല്‍ നാലാം സീസണില്‍ ആയുസ് നീട്ടിയെടുക്കാനുള്ള പോരാട്ടത്തിനു കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പ്ലേഓഫ് പ്രവേശനത്തിന് കണക്കിലെ കളികളിലെ ഭാഗ്യം പിന്തുണയ്ക്കുമെന്ന വിശ്വാസത്തില്‍ പോരിനിറങ്ങുന്ന മഞ്ഞപ്പടയ്ക്കു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. വടക്കന്‍ ടീമിന്റെ ഗുവാഹ ത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയ ത്തിലാണ് മത്സരം. എതിരാളികളുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സന്ദേശ് ജിങ്കനും സംഘവും പ്രതീക്ഷിക്കുന്നില്ല. ലീഗില്‍നിന്നു പുറത്തായ നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി വഴിമുടക്കികളാകാന്‍ കോപ്പുകൂട്ടിയാണ് കാത്തിരിക്കുന്നത്.
ജിങ്കന് തിരിച്ചെത്തും
എഫ്സി പൂന സിറ്റിക്കെതിരായ മത്സരത്തില്‍ സീസണിലെ നാലാം മഞ്ഞക്കാര്‍ഡും ലഭിച്ചു കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന നായകന് സന്ദേശ് ജിങ്കന് ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തും. രണ്ടു വട്ടം ലീഡ് നേടിയിട്ടും സമനില വഴങ്ങി അര്‍ഹിച്ച വിജയം ബ്ലാസ്റ്റേഴ്സിനു സ്വന്തമാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
ഗോളടിച്ചു ബെര്‍ബ
മോശം ഫോമിന്റെയും പരിക്കിന്റെയും പേരില്‍ ഏറെ പഴി കേട്ടിരുന്ന ദിമിതര്‍ ബെര്‍ബറ്റോവ് ടീമിനായി ആദ്യ ഗോള്‍ നേടിയതു ശുഭസൂചനയായാണു കരുതപ്പെടുന്നത്. ബെര്‍ബയുടെ ബൂട്ടില്‍നിന്ന് ഇനിയുമേറെ വെടിയുണ്ടകള്‍ മഞ്ഞപ്പട പ്രതീക്ഷിക്കുന്നുണ്ട്.
പുള്‍ഗ കളിക്കുമോ
ജനുവരിയിലെ സീസണില്‍ ടീമിലെത്തിയ വിക്ടര്‍ ഫോര്സാഡ എന്ന പുള്‍ഗ ഇന്നു മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുമെന്നാണു ടീം വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. ഐഎസ്എലിന്റെ ആദ്യ രണ്ടു സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയിട്ടുള്ള പുള്‍ഗയുടെ വരവ് ടീമിന്റെ മധ്യനിരയില്‍ പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ഉറപ്പാണ്.
ഇയാന്‍ ഹ്യൂമിനു പരിക്കേറ്റതോടെ ഐസ്ലന്ഡില് നിന്നുള്ള ഗുജോണ്‍ ബാല്ഡ്്വിന്സണും ചുമതലകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമിനെപ്പോലെ ഓടിക്കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഗുജോണ്‍ എടികെയ്ക്കെതിരേ ഗോള്‍ അടിച്ചു പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
വടക്കന്ടീം തേടുന്നത് ആശ്വാസ ജയം
മുന്‍ സീസണിലെ പോലെ ഇത്തവണയും ഐഎസ്എലില്‍ ഭാഗ്യം കടാക്ഷിക്കാത്ത ടീമാണു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആകെ രണ്ടു ജയം മാത്രം സ്വന്തമാക്കിയ ടീമിന്റെ പ്ലേഓഫ് എന്ന സ്വപ്നം ഇതിനകം അവസാനിച്ചിട്ടുണ്ട്. ഇനി അഭിമാനം സൂക്ഷിക്കാന്‍ അവസാന മൂന്നു മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക മാത്രമാണ് വടക്കന്‍ ടീമിന്റെ ലക്ഷ്യം.
ബിബിന്‍ ബാബു