കൊച്ചി: ഭാഗ്യനിർഭാഗ്യങ്ങളുടെ നൂൽപ്പാലത്തിലൂടെ പ്ലേഓഫ് കടന്പ കടക്കാമെന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു ചെന്നൈയിൻ എഫ്സിക്കെതിരേ ഇറങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്പോൾ കലാശ പോരാട്ടത്തെക്കാൾ സമ്മർദത്തിലാണ് സന്ദേശ് ജിങ്കനും സംഘവും. ജയിച്ചാൽ കണക്കുകളിൽ വിശ്വസിച്ചു കളത്തിൽനിന്നു കയറാം, അല്ലെങ്കിൽ സ്വന്തം കാണികൾക്കു മുന്നിൽ കണ്ണീരോടെ ലീഗിന്റെ പുറത്തേക്കു പോകാം. തേസമയം, ജയിച്ചാൽ അവസാന നാലിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാമെന്ന സാധ്യത യോടെയാണ് ചെന്നൈയുടെ നീലപ്പട എത്തുന്നത്.
കൊച്ചിക്കു കണ്ണീർ
മുൻ സീസണുകളിൽ മറ്റു ടീമുകളിൽ അസൂയ ജനിപ്പിക്കുന്ന റിക്കാർഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം മൈതാനത്തുണ്ടായിരുന്നത്. രണ്ടു സീസണിൽ ഫൈനൽവരെ കുതിച്ചെത്തിയിട്ടുണ്ടെങ്കിൽ അത് സ്റ്റേഡിയം നിറഞ്ഞിരുന്ന കാണികളുടെ പിന്തുണകൊണ്ടു കൂടിയാണ്. പക്ഷേ, ഈ സീസണിൽ ഉദ്ഘാടനമത്സരം മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പുൽമൈതാനം ബ്ലാസ്റ്റേഴ്സിനു നഷ്ടങ്ങൾ മാത്രമാണു സമ്മാനിച്ചത്. സ്വന്തം മൈതാനത്ത് എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു ജയം മാത്രമേ നേടാനായുള്ളൂ. നാലു കളികൾ സമനിലയായപ്പോൾ ബംഗളൂരുവിനോടും ഗോവയോടും തോൽവി വഴങ്ങി.
ലാൽറുത്താര തിരിച്ചെത്തും
ആദ്യ ഐഎസ്എൽ സീസണിൽ സന്ദേശ് ജിങ്കൻ എന്നപോലെ ഇത്തവണ മഞ്ഞപ്പടയുടെ കണ്ടെത്തലാണു ലാൽറുത്താര. ഇടതു വിംഗിൽ കരുത്തരായ എതിരാളിയുടെ നീക്കങ്ങൾപോലും നിഷ്പ്രഭമാക്കുന്ന ഈ ഇരുപത്തിമൂന്നുകാരൻ ഇതിനകം ആരാധകരുടെ പ്രിയപ്പെട്ടവനായിക്കഴിഞ്ഞു. എടികെയുമായുള്ള മത്സരത്തിൽ ലീഗിലെ നാലാം മഞ്ഞക്കാർഡ് ലഭിച്ച ലാൽറുത്താരയ്ക്കു കഴിഞ്ഞ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു. കരുത്തരായ ചെന്നൈയിനെ നേരിടാൻ ഇറങ്ങുന്പോൾ ലാൽറുത്താര തിരിച്ചെത്തുന്നതു ബ്ലാസ്റ്റേഴ്സ് ക്യാന്പിനു നൽകുന്ന ആശ്വാസം ചെറുതല്ല.
പ്രതാപമില്ലാതെ ചെന്നൈയിൻ
പതിനാറു മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും ചെന്നൈയിൻ മുന്നേറ്റനിരയുടെ പ്രകടനം ഇപ്പോഴും ശരാശരി നിലവാരത്തിൽ ഒതുങ്ങുന്നു. ആകെ 23 ഗോളുകളാണ് ഈ സീസണിൽ ചെന്നൈയിൻ അടിച്ചുകൂട്ടിയത്. ഏഴു ഗോളുകൾ നേടിയ ജെജെ ലാൽപ്പെക്കുലെ കഴിഞ്ഞാൽ സ്ഥിരതയോടെ മുന്നേറ്റനിരയിൽ കളിക്കുന്ന ഒരാൾ പോലും ടീമിലില്ലാത്തതു പരിശീലകൻ ജോണ് ഗ്രിഗറിയെ വിഷമവൃത്തത്തിലാക്കുന്നുണ്ട്. കഴിഞ്ഞ നാലു മത്സരങ്ങളിൽ ജയം നേടാനാകാത്തതാണ് ചെന്നൈയിന്റെ പ്ലേഓഫ് പ്രവേശനം വൈകിപ്പിച്ചത്.
ബിബിൻ ബാബു