ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2018-19 സീസണിലെ ഉദ്ഘാടന മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിനുശേഷം ജയമെന്തെന്നറിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ജയം തേടി ഇറങ്ങുകയാണ്. ഹോംഗ്രൗണ്ടില്‍ ശോഭിക്കാത്ത കേരളം ഇനി എവേ ഗ്രൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഇറങ്ങുന്നത്.
ഫോമിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ആരാധകരുടെ മനസ് മടുപ്പിക്കാതിരിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ഇനി ജയിച്ചേ പറ്റൂ. അവസാന മത്സരങ്ങളില്‍ തോറ്റ ഇരുടീമും വിജയ വഴിയിലെത്താനാണ് ഇന്നിറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിലെ ജയത്തിനുശേഷം നാലു സമനിലയും രണ്ടു തോല്‍വിയും വഴങ്ങി. ഇതിലെ രണ്ടു സമനിലയും രണ്ടു തോല്‍വിയും സ്വന്തം ഗ്രൗണ്ടിലായിരുന്നു . ടീമിന്റെ നിരാശാജനകമായ പ്രകടനത്തില്‍ മനംമടുത്ത ആരാധകരുടെ മനസില്‍ വീണ്ടും ഇടംപിടിക്കാന്‍ ബ്ലാസ്റ്റേഴ്സിനു ജയം കൂടിയേ തീരൂ.
ബ്ലാസ്റ്റേഴ്സിനെപ്പോലെ സ്വന്തം ഗ്രൗണ്ടില്‍ ശോഭിക്കാത്ത ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തം ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വാങ്ങിയത്.
ഈ സീസണില്‍ എവേ ഗ്രൗണ്ടുകളില്‍ തകര്‍പ്പന്‍ ജയങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. പോയിന്റ് നിലയില്‍ ആറു കളിയില്‍ മൂന്നു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമുള്ള നോര്‍ത്ത് ഈസ്റ്റ് 11 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ആതിഥേയര്‍ക്ക് സ്ഥാനം മെച്ചപ്പെടുത്താം. ഏഴു കളിയില്‍ ഒരു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ഇന്നു ജയിച്ചാല്‍ ആറാം സ്ഥാനത്തേക്കു കയറാം.
എവേ ഗ്രൗണ്ടുകളില്‍ തകര്‍പ്പന്‍ ജയം നേടുന്ന നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റത്തിനു നായകന് ബര്ത്താെലെമിയോ ഒഗ്ബേച്ചേയുടെ പ്രകടനമാണു കാരണമാകുന്നത്. ആറു കളിയില്‍ ആറു ഗോളുള്ള ഈ താരം ഗോള്‍ സ്കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് പരിശീലകന് എല്‍കോ സച്ചറ്റെറിയോയ്ക്ക് മികച്ചൊരു ടീം കോംബിനേഷന്‍ തയാറാക്കിയെടുക്കാനായതാണ് ഈ സീസണില്‍ അവരുടെ പ്രകടനത്തില്‍ മാറ്റമുണ്ടാക്കിയത്.
ബ്ലാസ്റ്റേഴ്സ് മികച്ച ഫുട്ബോളാണു കളിക്കുന്നത്. എന്നാല്‍ പരിശീലകന് ഡേവിഡ് ജയിംസിന് ഇതുവരെ കളത്തില്‍ മികച്ചൊരു ടീം കോംബിനേഷന്‍ ഉണ്ടാക്കിയെടുക്കാനായിട്ടില്ലെന്ന കാര്യം കഴിഞ്ഞ മത്സരങ്ങളെല്ലാം തെളിയിക്കുന്നു. ഭാവി ടീമിനെ ഒരുക്കുന്നതുപോലെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലനകന്റെ നടപടികള്‍. പരീക്ഷണങ്ങൾക്കു മുതിരുന്നതിനാല്‍ കളിയിലും സ്ഥിരത പുലര്‍ത്താനാകുന്നില്ല.
ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് എല്ലാ മേഖലയിലും മികച്ച ടീമിനെ ലഭിക്കാനായാല്‍ സ്ട്രൈക്കര്‍മാര്‍ക്ക് അത്ര സ്ഥിരതയില്ലാത്ത നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ഭേദിക്കാനാകും. ആക്രമണത്തിലും കേരളത്തിനു പോരായ്മകളുണ്ട്. മുന്നേറ്റത്തില്‍ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാന്‍ ഡേവിഡ് ജയിംസിനു സാധിച്ചിട്ടില്ല. പ്രതിരോധത്തില്‍ കേരളത്തിനു പാളിച്ചകളുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സ്വന്തം ഗ്രൗണ്ടില്‍ വഴങ്ങിയ സമനിലകളും തോല്‍വികളും.