അജിത്ത് ജി. നായർ
പരിശീലകന്റെയും താരങ്ങളുടെയും കൊഴിഞ്ഞുപോക്കിൽ ശിഥിലമായ ബ്ലാസ്റ്റേഴ്സിന് ഇത്തവണ പ്ലേഓഫ് കളിക്കാനാവുമോയെന്നാണ് മലയാളികളായ ഓരോ ഫുട്ബോൾ പ്രേമിയും ചോദിക്കുന്നത്. റെനി മ്യൂലൻസ്റ്റീനിന്റെ കീഴിലെ നിരാശാജനകനായ പ്രകടനത്തിനു ശേഷം ഡേവിഡ് ജയിംസ് പരിശീലകനായി എത്തിയതോടെ ടീമിന് അൽപം ഉണർവു ലഭിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്. നിലവിൽ 13 മത്സരങ്ങളിൽ നിന്നു 17 പോയിന്റുമായി പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്സിക്കും ഇത്ര തന്നെ പോയിന്റാണെങ്കിലും അവർ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്.
ഗോൾ വ്യത്യാസവും മികച്ചതാണ്. ബംഗളുരു (24), ചെന്നൈ (23), പൂന (22), ഗോവ(19) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ആദ്യ മൂന്നു ടീമുകളും 12 മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഗോവ പതിനൊന്നു മത്സരം മാത്രമാണ് കളിച്ചത്. 19 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പുർ കേരളത്തിന്റെ അത്ര മത്സരങ്ങൾ പൂർത്തിയാക്കി.
ലീഗിൽ ബ്ലാസ്റ്റേഴ്സിന് അഞ്ചു കളികളാണ് അവശേഷിക്കുന്നത്. അതിൽ നാലെണ്ണവും എവേ മത്സരങ്ങളാണെന്നത് പ്രതികൂല ഘടകമാണ്. ഫെബ്രുവരി രണ്ടിന് പൂനയ്ക്കെതിരേ അവരുടെ തട്ടകത്തിലാണ് അടുത്ത മത്സരം. പോയിന്റ് നിലയിൽ മുന്പിലുള്ള പൂനയ്ക്കെതിരേ ജയിക്കാനായാൽ അത് കേരളത്തിന്റെ പ്ലേ ഓഫ് സാധ്യതകളെ വിപുലപ്പെടുത്തും.
എട്ടിന് കോൽക്കത്തയെയും പതിനേഴിന് നോർത്ത് ഈസ്റ്റിനെയും എവേ മത്സരങ്ങളിൽ നേരിടുന്ന കേരളത്തിന് ജയം അനിവാര്യമാണ്. ഈ രണ്ടു ടീമുകളും സീസണിൽ അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തിയതെന്നത് കേരളത്തിന് ആശ്വാസം പകരുന്ന കാര്യമാണ്. ഫെബ്രുവരി 23ന് ചെന്നൈയിൻ എഫ്സിക്കെതിരേയാണ് കേരളത്തിന്റെ അവസാന ഹോം മത്സരം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളുരു എഫ്സിയെ നേരിടുന്നതോടെ കേരളത്തിന്റെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും.
ബംഗളൂരു, ചെന്നൈ, പൂനെ എന്നീ ടീമുകളിൽ രണ്ടു പേർക്കെതിരേയെങ്കിലും ജയിക്കാനായാലേ കേരളത്തിന് നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫ് കളിക്കാനാവൂ. കോൽക്കത്തയും നോർത്ത് ഈസ്റ്റും പോയിന്റ് പട്ടികയിൽ പിന്നിലാണെങ്കിലും കളി അവരുടെ നാട്ടിലാകുന്പോൾ കേരളം കരുതിയിരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഏഴു മത്സരങ്ങൾ ശേഷിക്കുന്ന ഗോവയുടെ മത്സരഫലങ്ങളും ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. കേരളത്തിനും പിന്നിലുള്ള എടികെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡൽഹി ഡൈനാമോസ് എന്നീ ടീമുകൾക്കേതിരേ ഗോവ കളത്തിലിറങ്ങുന്നുണ്ട്.
ഇത് ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന കാര്യമാണ്. ബംഗളൂരു, ചെന്നൈയിൻ എഫ്സി, പൂന, ജംഷഡ്പുർ എന്നീ ടീമുകൾക്കെതിരേയാണ് ഗോവയുടെ മറ്റു മത്സരങ്ങൾ. ഇവരെല്ലാം കേരളത്തിനു മുകളിലാണെന്നതും വെല്ലുവിളിയാണ്. ഈ മത്സരങ്ങളിൽ ആരു ജയിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അതു ദോഷം ചെയ്യും. ബംഗളൂരു-ചെന്നൈ, ബംഗളുരു-പൂനെ മത്സരങ്ങളും നിർണായകമാവും. മാത്രമല്ല പോയിന്റ് പട്ടികയിൽ താഴെയുള്ള ടീമുകൾ ടേബിളിൽ മുന്പന്മാരായ ടീമുകളെ തോൽപ്പിക്കുകയും വേണം.