ബംഗളൂരു: കളിക്കുക ഗോളടിക്കുക പിന്നാലെ ഗോൾ തിരികെ മേടിച്ച് സമനിലയോ തോൽവിയോ ചോദിച്ചുവാങ്ങുക. ആശാനെ മാറ്റി നിയമിച്ചിട്ടും ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങളെല്ലാം പഴയപടി. ബംഗളൂരുവിനെ അവരുടെ മടയിൽ രണ്ടു ഗോളിന്റെ ലീഡ് എടുത്ത ശേഷം കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി.
ആദ്യ പകുതിയിലെ സുന്ദരൻ കളിയിലൂടെ ആരാധക മനംകവർന്ന മഞ്ഞപ്പട രണ്ടാം പകുതിയിലെ അമിത പ്രതിരോധത്തിൽ സ്വയം കുഴിതോണ്ടി അതിലൊടുങ്ങി. സ്ലാവിസ സ്റ്റൊവാനോവിച്ച്, കറേജ് പെക്കൂസൺ എന്നിവരുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോൾ ഉദാന്ത സിംഗ് നായകൻ സുനിൽ ഛേത്രി എന്നിവരുടെ ഗോളിലാണ് ബംഗളൂരു സമനില പിടിച്ചത്.
ബംഗളൂരുവിനെതിരെ ഇതുവരെ കണ്ട ബ്ലാസ്റ്റേഴ്സായിരുന്നില്ല കളത്തിൽ. ലീഗിലെ നമ്പർവൺ ടീമിനൊപ്പത്തിനൊപ്പമോ ഒരു പവൻ തൂക്കം മുന്നിലോ ആയിരുന്നു കൊമ്പൻമാർ. മധ്യനിരയിൽ കിസീത്തോയും പെക്കൂസണും നിറഞ്ഞു കളിച്ചതോടെ കളി ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായി. ഇതിനുള്ള ഫലം 16 ാം മിനിറ്റിൽ ലഭിച്ചു. മനോഹരമായോരു പ്രത്യാക്രമണത്തിൽ കേരളത്തിന്റെ ആദ്യ ഗോൾ പിറന്നു.
ബോക്സിലേക്ക് ഓടിക്കയറിയ റാക്കിപ് ലൈനിൽനിന്ന് ബോക്സിന്റെ മധ്യത്തിലേക്ക് പന്ത് മറിച്ചു. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച കീൻ ലൂയിസിനു പിഴച്ചു. കൈയിൽ പന്ത് തട്ടിയതിനു പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി റെഫറിയുടെ വിസിൽ. പെനാൽറ്റി എടുത്ത സ്ലാവിസയ്ക്കു പിഴച്ചില്ല. ഗുർപ്രീതിനെ മറികടന്ന് പന്ത് വലയിൽ. വളരെ നാളുകൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ആരാധകർ ആനന്ദ നൃത്തം ചവിട്ടി. ഒരു ഗോൾ വീണതോടെ പതറിയ ബംഗളൂരു പരുക്കൻ കളി പുറത്തെടുത്തു. അനാവശ്യ ഫൗളുകൾക്ക് കാർഡ് വാങ്ങിക്കൂട്ടി.
എന്നാൽ കേരളം അവിടെയും നിർത്താൻ ഭാവമുണ്ടായിരുന്നില്ല. വീണ്ടുമൊരു അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ ബംഗളൂരുവിനെ ഞെട്ടിച്ചു. സഹൽ അബ്ദുൾ സമദിന്റെ ബുദ്ധിയിൽ വിരിഞ്ഞതായിരുന്നു രണ്ടാം ഗോൾ. സഹൽ മധ്യനിരയിൽനിന്നും നീട്ടിയ ത്രൂബോൾ ഓടിപ്പിടിച്ച് ബോക്സിലേക്ക് കടന്ന ലെൻ ഡുംഗൽ ഗോളിലേക്ക് ലക്ഷ്യം വയ്ക്കാതെ പന്ത് പിന്നിലേക്ക് കട്ട് ചെയ്തു.
ബോക്സിനു വെളിയിൽ തളികയിലെന്നവണ്ണം ലഭിച്ച പന്തിനെ പെക്കൂസൺ അതിലും മനോഹരമായ ഷോട്ടിലൂടെ ബംഗളൂരുവിന്റെ വലയിലേക്ക് അടിച്ചുകയറ്റി. ഇതാ പുതിയൊരു ബ്ലാസ്റ്റേഴ്സ് ഉയർത്തിരിക്കുന്നു. എതിരാളികളെ കൊണ്ടുപോലും എണീറ്റുനിന്നു കൈയടിപ്പിക്കുന്ന കിടിലൻ ഗോൾ. ബ്ലാസ്റ്റേഴ്സ്, പുലികളെ അവരുടെ മടയിൽ കയറി അടിച്ചിടുന്നതിന്റെ സുന്ദര ദൃശ്യം കണ്ട് ഒന്നാം പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് പഴയ ദുർഭൂതവുമായാണ് മടങ്ങിയെത്തിയത്. രണ്ടു ഗോളിൽ തൂങ്ങി ജയിക്കാൻ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞു. മധ്യനിരയിൽ കളി മെനഞ്ഞ കിസീത്തോയെ മാറ്റി സിറിൾ കാലിയെ പ്രതിരോധത്തിലെത്തിച്ചു. വേഗ നീക്കങ്ങൾ നടത്തിയ പെക്കൂസണെ പിൻവലിച്ച് ക്രിച്ച് കരമേവിച്ചിനെയും കൊണ്ടുവന്നു. ഇതോടെ ബംഗളൂരു ആക്രമിച്ചു കയറി.
68 മിനിറ്റിൽ ഉദാന്ത സിംഗിലൂടെ കേരളത്തിനു ആദ്യ പ്രഹരവും അവർ ഏൽപ്പിച്ചു. എറിക് പാർത്താലുവിന്റെ ലോംഗ് ഹൈബോൾ കേരള ബോക്സിനുള്ളിൽ പിടിച്ചെടുത്ത ഛേത്രി ഉയർത്തി തന്നെ ഉദാന്തയ്ക്കു മറിച്ചു. ബോക്സിലേക്ക് പറന്നെത്തിയ ഉദാന്തയുടെ ഹെഡ്ഡർ ധീരജ് സിംഗിനെ പരാജയപ്പെടുത്തി.
ഒരു ഗോൾ തിരികെക്കിട്ടിയിട്ടും ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കളി ഉപേക്ഷിച്ചില്ല. അവസാന നിമിഷങ്ങളിൽ ഗോളിലേക്ക് ഇരച്ചുകയറിയ ബംഗളൂരുവിനെ തടയുന്നതിൽ ഒരു തവണ കൂടി ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഉദാന്ത സിംഗ് ബോക്സിന്റെ വലുതുഭാഗത്തുനിന്നും മധ്യത്തിലേക്ക് നൽകിയ ക്രോസിനു ഇത്തവണ തലവച്ചത് നായകൻ ഛേത്രി. ഒരു പിഴവും കൂടാതെ പന്ത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ തറച്ചു. ലീഗിൽനിന്നും പുറത്തുപോകേണ്ടിവന്നതിന്റെ സങ്കടം ഒറ്റമത്സരം കൊണ്ടു മായിച്ചുകളയാൻ ആകുമായിരുന്നിട്ടും ബ്ലാസ്റ്റേഴ്സ് വീണ്ടും നിരാശപ്പെടുത്തി.