ബംഗളൂരു: ഉള്ളിലെ തീപ്പൊരി കളത്തിൽ വിതറി ശ്രീ കണ്ഠീരവ സ്റ്റേഡിയം ചാന്പലാക്കാൻ കൊന്പന്മാർ ഇന്ന് ബംഗളൂരുവിൽ. പ്രതികാരത്തിന്റെ മദപ്പാടുമായി ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന കൊന്പന്മാർക്ക് ഇന്ന് ഒരേയൊരു ലക്ഷ്യം, ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ ചവിട്ടിയരയ്ക്കുക.
അതെ, 2022-23 സീസണിൽ പ്ലേ ഓഫിൽ വിവാദ ഗോളിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടശേഷം ഇതാദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വീണ്ടും അതേ മൈതാനത്ത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിന്റെ ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ക്വിക്ക് ഫ്രീകിക്ക് ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്.
ഗോൾ അനുവദിച്ചതിനെതിരേ പ്രതിഷേധിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പരാജയപ്പെട്ടതായി ഐഎസ്എൽ വിധിതീർപ്പ് കൽപ്പിക്കുകയായിരുന്നു എന്നത്് ചരിത്രം. അതിനുശേഷം ഈ സീസണിന്റെ തുടക്കത്തിൽ കൊച്ചിയിൽവച്ച് കേരള ബ്ലാസ്റ്റേഴ്സ് 2-1ന് ബംഗളൂരുവിനെ കീഴടക്കിയിരുന്നു. എന്നാൽ, പ്ലേ ഓഫ് തോൽവിക്കുശേഷം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇരുടീമും ഏറ്റുമുട്ടുന്നത് ആദ്യമാണ്.
മാർച്ചിലെ കടം
2023 മാർച്ച് മൂന്നിനായിരുന്നു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ പ്ലേ ഓഫ്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായതോടെ മത്സരം അധിക സമയത്തേക്ക്. 96-ാം മിനിറ്റിൽ ബംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് സുനിൽ ഛേത്രി റഫറിയുടെ വിസിലിനു കാക്കാതെ എടുത്തു. ആ സമയം കേരള ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിംഗ് ഗിൽ ഡിഫെൻസ് വാൾ ഒരുക്കുന്നതിനായി സ്ഥാനം മാറിനിൽക്കുകയായിരുന്നു.
2023 മാർച്ച് മൂന്നിന് ഒളിപ്പോരിൽ വീണതിന്റെ കണക്കു തീർക്കാൻ 2024 മാർച്ച് രണ്ടിന് ബംഗളൂരുവിൽ ഇറങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് എന്നതാണ് ശ്രദ്ധേയം.
ഇവാനും കണക്ക് ബാക്കി
2023 മാർച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദ ഗോളിൽ പ്രതിഷേദിച്ച് മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിൻവലിച്ചത്. അതിനുള്ള ശിക്ഷയായി ഇവാന് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഏർപ്പെടുത്തിയത് 10 മത്സര വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമായിരുന്നു. അതുപോലെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് നാലു കോടി രൂപയുടെ പിഴയും.
അന്നത്തെ പ്ലേ ഓഫ് പോരാട്ടത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും 2023 സീസണ് സൂപ്പർ കപ്പിലും 2023-24 സീസണ് ഐഎസ്എൽ ആദ്യപാദത്തിലും നേർക്കുനേർ ഇറങ്ങിയിരുന്നു.
വിലക്കുള്ളതിനാൽ ഈ മത്സരങ്ങളിൽ ഇവാൻ വുകോമനോവിച്ച് ഡഗ്ഗൗട്ടിൽ ഇല്ലായിരുന്നു. 2023 മാർച്ച് മൂന്നിനുശേഷം ബംഗളൂരുവിനെതിരേ ഇവാൻ വുകോമനോവിച്ച് ഡഗ്ഗൗട്ടിൽ എത്തുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. കണക്കുകൾ ഏറെ വീട്ടാനുണ്ടെന്നു ചുരുക്കം.
‘അന്തസ് വേണമെടാ’
ബംഗളൂരുവിലെ ബ്ലാസ്റ്റേഴ്സ് x ബംഗളൂരു മത്സരത്തിനു മുന്നോടിയായി സോഷ്യൽ മീഡിയയിൽ ഇരു ടീമും ഏറ്റുമുട്ടി. 2023 പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ ഗോൾ പങ്കുവച്ച് ആദ്യം പ്രകോപനമുണ്ടാക്കിയത് ബംഗളൂരു എഫ്സിയായിരുന്നു. ബ്ലാസ്റ്റേഴ്സ് നടത്തിയത് സിനിമ സ്റ്റൈൽ തിരിച്ചടിയും.
സുനിൽ ഛേത്രിയുടെ ഗോളിനൊപ്പം മമ്മൂട്ടിയുടെ ഒരു പഞ്ച് ഡയലോഗും ചേർത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മറുപടി. “മനുഷ്യനാവെടാ ആദ്യം, എന്നിട്ടാകാം നിലയും വിലയും. അതും സൂത്രത്തിൽ ഉണ്ടാക്കുകയല്ല വേണ്ടത് സ്വയം ഉണ്ടാവട്ടെ, അതാ കഴിവ് ” എന്ന് വാത്സല്യത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ചേർത്താണ് ഛേത്രിയുടെ ഗോൾ വീഡിയോ ബ്ലാസ്റ്റേഴ്സ് പങ്കുവച്ചത്.
2023-24 സീസണിൽ കൊച്ചിയിൽവച്ച് ബ്ലാസ്റ്റേഴ്സ് 2-1ന് ബംഗളൂരുവിനെ കീഴടക്കിയപ്പോൾ അഡ്രിയാൻ ലൂണ നേടിയ വിജയ ഗോളും ഉൾപ്പെടുത്തിയിട്ടുണ്ട്. “എടാ അന്തസ് വേണമെടാ മനുഷ്യനായാൽ” എന്ന നടൻ മുകേഷിന്റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്.