കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. നിര്‍ണായക മത്സരത്തില്‍ എടികെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 2-2 സമനില നേടിയതാണ് വിനയായത്. 15 മത്സരങ്ങളിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 21 പോയിന്റായി. ഏക ആശ്വാസം ഗോവയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കു കയറുവാന്‍ കഴിഞ്ഞുവെന്നതാണ്. മറ്റ് ടീമുകളുടെ മത്സരഫലത്തെ അടിസ്ഥാനപ്പെടുത്തിയാകും ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള സാധ്യതകൾ. മൂന്നു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേ ഷിക്കുന്നത്. അതിൽ ഒരെണ്ണം ഹോം മത്സരമാണ്.
36-ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ കേരളത്തിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്ത് നല്കിയ പന്ത് തലകൊണ്ട് എടികെ പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് കേരളം മുന്നിലെത്തിയത്. എന്നാല്‍ 38-ാം മിനിറ്റില്‍ റയാന് ടെയ്ലറിന്റെ ലോംഗ് ഷോട്ടിലൂടെ എടികെ തിരിച്ചടിച്ചു. ഇരുടീമുകളും പിന്നീട് ഗോളിനായി പൊരുതിയെങ്കിലും ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ബെര്‍ബറ്റോവിലൂടെ വീണ്ടും മുന്നിലെത്തിയ കേരളത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കു കരിനിഴലായി 75-ാം മിനിറ്റില്‍ ടോം തോര്‍പ്പെ എടികെയുടെ രണ്ടാം ഗോള്‍ നേടി. പിന്നിട് വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ വഴിമാറി.
കോല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ ഇതുവരെ അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്സിനു ഇന്നലെയും ഈ ചരിത്രം തിരുത്താന്‍ കഴിഞ്ഞില്ല.
കളിയില്‍ 54 ശതമാനം ബോള്‍ പൊസഷന്‍ കേരള ബ്ലാസ്റ്റേഴ്സിനു ലഭിച്ചിരുന്നു. അതേപോലെ 10 തവണ ബ്ലാസ്റ്റേഴ്സ് ഓണ്‍ ടാര്‍ജറ്റില്‍ ഷോട്ടുകള്‍ ഉതിര്‍ത്തിരുന്നു. എന്നാൽ, അവയൊന്നും ഗോളാക്കി മാറ്റാനായില്ല. കോൽക്കത്ത ഗോളിയുടെ അവിശ്വസനീയ പ്രകടനവും തിരിച്ചടിയായി.
കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്, ഇയാന്‍ ഹ്യൂം എ്ന്നിവര്‍ക്കു പകരം ഗുഡിയോണ്‍ ബാള്‍വിന്‍സണും ദിമിതാര്‍ ബെര്‍ബറ്റോവും വന്നു. എടികെയുടെ നിരയിലും രണ്ട് മാറ്റങള് വരുത്തിയിരുന്നു. ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിനു പകരം ഗോള്‍ വലയം കാക്കുവാന്‍ സോറം പോയിറെയിയും റൂപ്പര്‍ട്ടിനു പകരം ടോം തോര്‍പ്പും ആദ്യ ഇലവനില്‍ വന്നു.
ബ്ലാസ്റ്റേഴ്സിന്റെ പകരക്കാരുടെ ബെഞ്ചിലേക്ക് റിനോ ആന്റോ, സിയാം ഹാങ്കല്‍, അരാത്ത ഇസുമി , പുള്‍ഗ എന്നിവര്‍ എത്തിയെങ്കിലും ഡല്‍ഹിക്കെതിരെ ഗോള്‍ നേടുകയും ഹീറോ ഓഫ് ദി മാച്ചുമായ ദീപേന്ദ്ര നേഗിക്കു ഇന്നലെയും സ്ഥാനം ലഭിച്ചില്ല.
എടികെ ആക്രമണശൈലിയില്‍ 4-3-3 ഫോര്‍മേഷനിലും ബ്ലാസ്റ്റേഴ്സ് 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു.കിക്കോഫിനു പിന്നാലെ ആദ്യ മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് കോര്‍ണറുകള്‍ ബ്ലാസ്റ്റേഴ്സിനു ലഭിച്ചുവെങ്കിലും പ്രയോജനപ്പെട്ടില്ല.
ജിങ്കന്റെ അഭാവം ബ്ലാസ്റ്റേഴ്സിനെ വല്ലാതെ ബാധിച്ചു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ലാല്റുവാതരയ്ക്കും പെസിച്ചിനും ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഇതില്‍ ലാല്റുവാതരയ്ക്കു ഇതോടെ മൊത്തം നാല് മഞ്ഞക്കാര്‍ഡുകള്‍ ആയതോടെ അടുത്ത മത്സരം നഷ്ടപ്പെടും.
കേരള ബ്ലാസ്റ്റേഴ്സ് 17നു ഗോഹട്ടിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യുണൈറ്റഡിനേയും , എടികെ 18നു കോല്‍ക്കത്തയില്‍ മുംബൈ സിറ്റി എഫ്സിയേയും നേരിടും.